ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി 33-ാം വാർഷികാഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ സംഘടിപ്പിക്കും. ആഘോഷത്തിന്റെ ഭാഗമായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറിക്ക് മുന്നിൽ പക്ഷികൾക്ക് ദാഹജലം പദ്ധതി നടപ്പാക്കി. കടുത്ത വേനൽക്കാലത്ത് മനുഷ്യർ പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് കടുത്ത ചൂടുമൂലം വലയുന്ന പക്ഷികൾക്ക് ആശ്വാസമായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല ജോസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക്, മെമ്പർ ലൈല അബ്ദുൾ ഖാദർ, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജു, എബി മൈക്കിൾ, ലൈബ്രറിയൻ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.