കോതമംഗലം: എറണാകുളം ജില്ലയിലെ മലയോര മേഖലയായ മാമലക്കണ്ടത്ത് വെള്ളിയാഴ്ച്ച രാത്രിയിൽ വേനൽമഴയും കാറ്റും കനത്തതോടെ നിരവധി നാശനഷ്ടങ്ങളുണ്ടായി. മാമലക്കണ്ടത്ത് താലിപ്പാറയിൽ വടക്കേതിൽ വീട്ടിൽ ബിന്ദു രാജേഷിന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായും നശിക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. പാവയ്ക്കൽ വീട്ടിൽ ജിബിൻ സെബാസ്റ്റ്യന്റെ ഒന്നര ഏക്കർ പാടത്ത് കൃഷി ചെയ്തിരുന്ന പാവൽത്തോട്ടം വിളവെത്തി നിൽക്കെ നിലംപതിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് കൃഷി സ്ഥലത്തെ സംരക്ഷിച്ചുപോരുന്ന കർഷകർക്ക് വേനൽ മഴ മൂലം കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.