കൊച്ചി: ഇന്ത്യയിൽ എവിടെയും പഠിക്കാൻ തയ്യാറാണെന്നും സർക്കാർ നിരക്കിൽ പഠനത്തിന് അവസരമൊരുക്കണമെന്നും യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ. കേരള യുക്രെയിൻ മെഡിക്കൽ സ്റ്റുഡന്റ്‌സ് ആൻഡ് പേരന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം എറണാകുളം പ്രസ് ക്ളബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് വിദ്യാർത്ഥികൾ ആവശ്യം ഉന്നയിച്ചത്.
3,300 ഓളം വിദ്യാർത്ഥികളാണ് മടങ്ങിയെത്തിയത്. 1,500 പേരാണ് അസോസിയേഷനിലുള്ളത്. യുക്രെയിനിലേക്ക് തിരിച്ചുപോകാൻ ഭയമാണ്. അവസാനവർഷ വിദ്യാർത്ഥികളുടെ ഉൾപ്പെടെ തുടർപഠനം മുടങ്ങാതിരിക്കാൻ സർക്കാരുകൾ നടപടിയെടുക്കണം.
നാഷണൽ മെഡിക്കൽ കൗൺസിൽ റിപ്പോർട്ട് നൽകിയാലേ സർട്ടിഫിക്കറ്റുകളടക്കം തിരികെ ലഭിക്കൂ. തമിഴ്‌നാട്, കർണാടക, ബംഗാൾ സർക്കാരുകൾ സംസ്ഥാന വിദ്യാർത്ഥികൾക്ക് അവിടെത്തന്നെ തുടർപഠനത്തിന് അവസരമൊരുക്കുന്നുണ്ട്.
മടങ്ങിയെത്തിയവരിൽ 600പേർ അവസാനവർഷ വിദ്യാർത്ഥികളാണ്. നിലവിൽ ഓൺലൈൻ ക്ലാസുകളുണ്ട്. പ്രാക്ടിക്കൽ ക്ലാസില്ലാതെ കോഴ്‌സ് തീർക്കുക പ്രയാസമാണെന്ന് യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥിനി അനിഘ മരിയ തോമസ് പറഞ്ഞു.