കൊച്ചി: കളമശേരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞ് നാല് അന്യസംസ്ഥാനത്തൊഴിലാളികൾ മരിച്ച സംഭവം മനുഷ്യനിർമ്മിത ദുരന്തമെന്ന് ഫയർഫോഴ്‌സ്. ശനിയാഴ്ച ഫയർഫോഴ്‌സിന്റെ ഇന്റേണൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. നിർമ്മാണം നടത്തുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിട്ടില്ലെന്ന് ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോജി പറഞ്ഞു. ജില്ലാ കളക്ടർ ജാഫർ മാലിക്കിന് തിങ്കളാഴ്ച റിപ്പോർട്ട് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
23 അടിയോളം താഴ്ചയുള്ള കുഴിയിൽ നിർമ്മാണം നടത്തുമ്പോൾ സ്വീകരിക്കേണ്ട ഒരു മുൻകരുതലും സ്വീകരിച്ചിരുന്നില്ല. ഇത്തരം നിർമ്മാണങ്ങൾ നടത്തുമ്പോൾ അനുഭവസമ്പന്നനായ സൂപ്പർവൈസറെ നിയോഗിക്കണ വ്യവസ്ഥ പാലിച്ചില്ല.
ഈർപ്പമുള്ള മണ്ണ് ഇളകിയ നിലയിലായിരുന്നെന്നും ഫയർഫോഴ്‌സ് കണ്ടെത്തി. ഏഴ് മീറ്റർ ആഴവും രണ്ടേകാൽ മീറ്റർ വീതിയുമുള്ള കുഴിയിൽ എട്ട് പേർ നിന്നാണ് ജോലി ചെയ്തിരുന്നത്. തൊഴിലാളികൾ ജോലി ചെയ്യുമ്പോൾ മണ്ണ് മാന്തിയന്ത്രങ്ങൾ അപകടമായ രീതിയിൽ കുഴിയുടെ സമീപത്തുണ്ടായിരുന്നു.
സുരക്ഷാ വേലി കെട്ടിത്തിരിച്ച് കുഴിയെടുക്കണമെന്ന നിബന്ധനയും പാലിച്ചിരുന്നില്ല. കൂറ്റൻ കുഴിക്കുള്ളിൽ മണ്ണിനടിയിലായവരെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടയിലും മണ്ണിടിച്ചിൽ ഉണ്ടായി. ഇത് രക്ഷാപ്രവർത്തനത്തപ്പോലും ബാധിച്ചു. രക്ഷാപ്രവർത്തകർ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഇവിടെയുണ്ടായിരുന്നെന്നും ഫയർഫോഴ്സ് കണ്ടെത്തി.
അപകടത്തെക്കുറിച്ച് ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നിർദ്ദേശപ്രകാരം എ.ഡി.എം എസ്. ഷാജഹാന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റി കെട്ടിടത്തിന്റെ നിർമ്മാണത്തിന് കുഴിയെടുക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കുറച്ചു വർഷം മുമ്പ് മാത്രം വൻതോതിൽ മണ്ണിട്ട് നികത്തിയ സ്ഥലത്ത് കുഴിയെടുത്തതാണ് ദുരന്തത്തിൽ കലാശിച്ചത്.
അപകടത്തിന് കാരണമായത് കമ്പനിയുടെ തികഞ്ഞ അനാസ്ഥയാണെന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മാനവ് മൈഗ്രന്റ് വെൽഫെയർ ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു.
മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
അപകടത്തിൽ മരിച്ച കുടുസ് മണ്ഡൽ, നജേഷ് അലി മണ്ഡൽ, ഫൈജുല മണ്ഡൽ, നൂർ അമീൻ മണ്ഡൽ എന്നിവരുടെ മൃതദേഹങ്ങൾ കളമശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ പോസ്റ്റ്‌മോർട്ടം ചെയ്തു. എംബാം ചെയ്ത മൃതദേഹങ്ങൾ ഇന്ന് രാവിലെ 5.10, 7.50, 9.35 എന്നീ സമയങ്ങളിലായി മൂന്ന് വിമാനങ്ങളിൽ കൊൽക്കത്തയിലേക്ക് കൊണ്ടുപോകും.
കൂടെ ജോലി ചെയ്തിരുന്ന എട്ട് അന്യസംസ്ഥാന തൊഴിലാളികളും കമ്പനി ഉദ്യോഗസ്ഥനും അനുഗമിക്കും. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം നെസ്റ്റ് ഗ്രൂപ്പ് സഹായം നൽകും. 650രൂപ ദിവസക്കൂലിക്കാണ് ഇവർ ജോലി ചെയ്തിരുന്നത്. ഇൻഷ്വറൻസ്, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ നൽകിയിരുന്നില്ല. കടുത്ത വേനലിൽ സൂര്യാഘാതം ഒഴിവാക്കാൻ ഉച്ചയ്ക്ക് 11മുതൽ 3മണി വരെ ജോലി ചെയ്യിക്കരുതെന്ന സർക്കാരിന്റെ നിർദ്ദേശവും പാലിക്കപ്പെട്ടിരുന്നില്ല.