കൊച്ചി: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിച്ച 34-ാമത് കേരള ശാസ്ത്ര കോൺഗ്രസിൽ വിവിധ വിഭാഗങ്ങളിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകർ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.
കെമിക്കൽ സയൻസസിൽ മികച്ച പ്രബന്ധത്തിനുള്ള വിദ്യാർത്ഥി വിഭാഗത്തിലെ പുരസ്‌കാരം അപ്ലൈഡ് കെമിസ്ട്രി വകുപ്പിലെ ഗവേഷണ വിദ്യാർത്ഥി ദേവിക എസ്. ആർ, ശാസ്ത്രജ്ഞ വിഭാഗത്തിൽ കെമിക്കൽ ഓഷ്യനോഗ്രാഫി വകുപ്പിലെ അസി. പ്രൊഫസർ ഡോ. ശ്രീജിത്ത് എസ്.എസ് എന്നിവർ സ്വന്തമാക്കി. ഇതേ വിഷയത്തിൽ മികച്ച പോസ്റ്ററിനുള്ള പുരസ്‌കാരം ശാസ്ത്രജ്ഞ വിഭാഗത്തിൽ അപ്ലൈഡ് കെമിസ്ട്രി വകുപ്പിലെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ. നിത്യ മോഹന് ലഭിച്ചു. എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ മികച്ച പ്രബന്ധത്തിന് സ്കൂൾ ഒഫ് എൻജിനീയറിംഗിലെ ഗവേഷണ വിദ്യാർത്ഥി തോമസ് ജോൺ.വിയും ഈ വിഷയത്തിൽ മികച്ച പോസ്റ്ററിനുള്ള പുരസ്‌കാരം പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പിലെ ഗവേഷണ വിദ്യാർത്ഥി മാത്യു സുനിലും കരസ്ഥമാക്കി. ഫിഷറീസ് ആൻഡ് വെറ്റിനറി സയൻസസിൽ മികച്ച പ്രബന്ധത്തിന് മറൈൻ ബയോളജി, മൈക്രോ ബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിലെ ഗവേണ വിദ്യാർത്ഥി ആതിര പി.പിയും ലൈഫ് സയൻസസിൽ മികച്ച പോസ്റ്ററിന് നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിലെ ഗവേഷണ വിദ്യാർത്ഥി ശ്രീവിദ്യ സി.പിയും മാത്തമാറ്റിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിൽ മികച്ച പ്രബന്ധത്തിന് മാത്തമാറ്റിക്‌സ് വകുപ്പിലെ ഗവേഷണ വിദ്യാർത്ഥി ആതിര ബാബുവും അർഹയായി.