വൈപ്പിൻ: കർത്തേടം സഹകരണ ബാങ്കിലെ മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ എറണാകുളം സഹകരണ ജോ.രജിസ്ട്രാർ ഉത്തരവിട്ടു. കൊച്ചി താലൂക്ക് സഹകരണ അസി. രജിസ്ട്രാർ( ജനറൽ) ആന്റണി ജോസഫിനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. 30 ദിവസത്തിനകം റിപ്പോർട്ട് നല്കണമെന്നാണ് നിർദേശം. കെ.എൽ.ദിലീപ് കുമാർ പ്രസിഡന്റായിരുന്ന സി.പി.ഐ-കോൺഗ്രസ് മുന്നണിയായിരുന്നു ബാങ്ക് ഭരിച്ചിരുന്നത്. അഴിമതി ആരോപണങ്ങളെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഏഴ് മാസം മുൻപ് ഭരണ സമിതി പിരിച്ചുവിട്ടതും അഡ്മിനിസ്‌ട്രേഷൻ ഭരണം ഏർപ്പെടുത്തിയതും.

മതിയായ ഈടില്ലാതെ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളുടെ അടുത്ത ബന്ധുക്കൾക്ക് വായ്പ അനുവദിച്ചത്, ജീവനക്കാരുടെ ഹാജർ രജിസ്ട്രറിൽ നിന്ന് 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പേജുകൾ കാണാതായത്, നടപടിക്രമങ്ങൾ പാലിക്കാതെ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തത്, സഹകരണ വകുപ്പിന്റെ അനുവാദമില്ലാതെ വായ്പാ പദ്ധതികൾ തുടങ്ങിയത്, വളപ്പ് ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ക്രമക്കേടുകളെ തുടർന്നുണ്ടായ ബാങ്കിന്റെ നഷ്ടം കണക്കാക്കാനും ഉത്തരവാദികളെ കണ്ടെത്താനുമാണ് വിശദ അന്വേഷണത്തിന് ഉത്തരവിട്ടത്.