കോലഞ്ചേരി: കിഴക്കമ്പലം നെല്ലാട് റോഡ്, പട്ടിമറ്റം മുതൽ കിഴക്കമ്പലം വരെ അറ്റകുറ്റപ്പണിക്കായി 1.34 കോടി രൂപ അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. റോഡിന്റെ പണികൾ അടിയന്തരമായി തുടങ്ങുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. നെല്ലാട് മുതൽ പട്ടിമറ്റം വരെ നേരത്തെ 2.10 കോടി രൂപ അനുവദിച്ചിരുന്നു. സാങ്കേതിക പ്രശ്നങ്ങൾകൊണ്ട് നിറുത്തിവച്ച അറ്റകുറ്റപ്പണികൾ ഇന്ന് പുനരാരംഭിക്കും. ടാറിംഗ് അടിയന്തരമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വിഭാഗത്തിന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ടാറിംഗ് പ്ളാന്റിനുണ്ടായ സാങ്കേതിക തകരാറാണ് രണ്ടാഴ്ച മുമ്പ് ടാറിംഗ് നിർത്തി വയ്ക്കുന്നതിന് ഇടയാക്കിയത്. പ്ളാന്റിന്റെ തകരാർ പരിഹരിച്ചിട്ടുണ്ട്. നിലവിൽ വെറ്റ് മിക്സ് നിരത്തിയ ഭാഗത്ത് ടാറിംഗ് പൂർത്തിയാക്കി പൊടിശല്യം പരിഹരിച്ചശേഷം മറ്റിടങ്ങളിൽ അറ്റകുറ്റപ്പണികൾ തീർക്കും. പട്ടിമറ്റം കിഴക്കമ്പലം റോഡിന്റെയും അറ്റകുറ്റപ്പണി ഉടനെ പൂർത്തിയാക്കുമെന്ന് എം.എൽ.എ അറിയിച്ചു.