തൃക്കാക്കര: കൊവിഡ് മഹാമാരിയെ തുടർന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനായി കേരള ബാങ്ക് ആവിഷ്‌ക്കരിച്ചിട്ടുള്ള കെ.ബി പ്രവാസിഭദ്രത വായ്പാ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കളമശേരി മെഡിക്കൽ കോളേജ് ശാഖയിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ആദ്യ വായ്പ വിതരണം ചെയ്തു. കളമശേരി സ്വദേശിനിയായ ഷീബ റഫീക്ക് വായ്പ ഏറ്റുവാങ്ങി. നോർക്ക റൂട്ട്‌സുമായി സഹകരിച്ച് പ്രവാസികൾക്ക് ഈടില്ലാതെ അഞ്ച് ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന വായ്പ പദ്ധതിയാണ് പ്രവാസി ഭദ്രത. 8.75 ശതമാനം മാത്രമാണ് പലിശ നിരക്ക്. കൃത്യമായ തിരിച്ചടവിന് പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും പദ്ധതിയുടെ പ്രത്യേകതയാണ്. ചെറുകിട സംരംഭങ്ങൾക്ക് പുറമെ കാർഷികാനുബന്ധ പ്രവർത്തനങ്ങൾക്കും വായ്പ ലഭ്യമാകും. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവർക്ക് വായ്പക്കായി അപേക്ഷിക്കാവുന്നതാണ്. ചടങ്ങിൽ കേരള ബാങ്ക് ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം അഡ്വ. മാണി വിതയത്തിൽ, റീജിയണൽ ജനറൽ മാനേജർ ജോളി ജോൺ, കോർപ്പറേറ്റ് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ഡോ.എൻ.അനിൽകുമാർ, ബ്രാഞ്ച് മാനേജർ ഷെറി.കെ.എ എന്നിവർ പങ്കെടുത്തു.