eswar-maji-

പറവൂർ: കേരളത്തിലടക്കം കഞ്ചാവ് വില്പന തകൃതിയാക്കിയ ഒഡീഷക്കാരനെ കേരള പൊലീസ് സാഹസികമായി പിടികൂടി. ഒഡീഷയിൽ മാവോയിസ്‌റ്റുകളുടെ ശക്തികേന്ദ്രമായ റായ്ക്കാട് ജില്ലയിലെ പദ്മപൂർ സ്വദേശി ഈശ്വർ മാജിയാണ് (19) പിടിയിലായത്. എറണാകുളം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ ഒഡീഷയിൽവച്ച് അറസ്‌റ്റ് ചെയ്‌തത്.

രണ്ടാഴ്ചമുമ്പ് അങ്കമാലി, പറവൂർ എന്നിവടങ്ങളിൽ നിന്ന് 14 കിലോഗ്രാം കഞ്ചാവും ഒന്നരകിലോ ഹാഷിഷ്ഓയിലും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്‌റ്റ് ചെയ്തു. ഇവർക്ക് ലഹരിവസ്തുക്കൾ വിറ്റത് ഈശ്വർ മാജിയാണ്. അറസ്റ്റിലായവരിൽ നിന്നുള്ള വിവരപ്രകാരം, ഈശ്വറിന്റെ താമസസ്ഥലം മനസ്സിലാക്കി പ്രാദേശിക പൊലീസിന്റെ സഹായത്തോടെ രാത്രിയിലാണ് പിടികൂടിയത്. വടക്കേക്കര സബ് ഇൻസ്പെക്ടർ അരുൺ ദേവ്, എസ്.സി.പി.ഒ സലിൻകുമാർ, സി.പി.ഒമാരായ രാജേഷ്, പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.