 
കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പർ പില്ലറിന്റെ തകരാർ പരിഹരിക്കാനുള്ള പണികൾ ഇന്ന് ആരംഭിക്കും. കരാറുകാരായ എൽ ആൻഡ് ടി ഇന്ന് യന്ത്രസാമഗ്രികൾ എത്തിക്കും.
ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ മെട്രോ നിർമ്മാണ സ്ഥലത്ത് നിന്ന് കൊണ്ടുവന്ന ബാരിക്കേഡുകൾ പത്തടിപ്പാലത്തെ തൂണിന് ചുറ്റും സ്ഥാപിച്ചു. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഇരുവശത്തും ഒറ്റ ലൈൻ ട്രാഫിക്കാണ് ഇനി ഇവിടെ ഉണ്ടാവുക.
പില്ലറിന്റെ ബലക്ഷയം പരിഹരിക്കാനായി ചുറ്റും നാല് പൈലുകൾ കൂടി താഴ്ത്തി പൈൽക്യാപ്പുമായി ബന്ധിപ്പിക്കാനുള്ള ജോലികളാണ് ഇന്ന് ആരംഭിക്കുക.
എൽ ആൻഡ് ടിയുടെയും ഡി.എം.ആർ.സിയുടെയും വിദഗ്ദ്ധർ ജോലികൾക്ക് മേൽനോട്ടം വഹിക്കും.
മുസ്ളീം ലീഗ് സമരം
പത്തടിപ്പാലത്തെ പില്ലറിന്റെ ബലക്ഷയത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുസ്ളീം ലീഗ് ജില്ലാ കമ്മിറ്റി ഇന്നലെ പില്ലറിന് ചുറ്റും സംരക്ഷണ വലയം തീർത്തു. വിജിലൻസ് അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് പരാതിയും നൽകി. സമരം ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. മെട്രോയുടെ എല്ലാ തൂണുകളിലും പരിശോധന വേണമെന്നും ഈ പ്രശ്നത്തിൽ സി.പിഎമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്നും അബ്ദുൾ മജീദ് പറഞ്ഞു.