s-suhas
നാഷണൽ ഡിഫൻസ് കോളേജിന്റെ സെക്യൂരിറ്റീസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് കോഴ്‌സിന്റെ ഭാഗമായി സിയാലിൽ എത്തിയ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സംവദിക്കുന്നു.

നെടുമ്പാശേരി: ഡൽഹി നാഷണൽ ഡിഫൻസ് കോളേജ് ഉന്നത സൈനികോദ്യോഗസ്ഥർക്കായി നടത്തുന്ന നാഷണൽ സെക്യൂരിറ്റിസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് കോഴ്‌സിന്റെ ഭാഗമായി ഇന്ത്യയിലെയും വിദേശത്തെയും ബ്രിഗേഡിയർ റാങ്കിന് മുകളിലുള്ള 14 ഉദ്യോഗസ്ഥർ കൊച്ചി രാജ്യാന്തര വിമാനത്താവളം സന്ദർശിച്ചു.
ഇന്ത്യൻ സൈന്യത്തിലെ 11 പേരും സൗദി അറേബ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായത്. ഹരിത ഊർജോത്പാദനത്തിലും വിമാനത്താവള ബിസിനസ് വൈവിധ്യവത്ക്കരണത്തിലും സിയാൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സംവദിച്ചു. കൊച്ചി വിമാനത്താവള പരിസരത്തെ 14 മെഗാവാട്ട് സൗരോർജ പ്ലാന്റ്, സിയാൽ ഗോൾഫ് കോഴ്‌സിലെ ഫ്‌ളോട്ടിംഗ് സൗരോർജ പ്ലാന്റ് എന്നിവ സംഘം സന്ദർശിച്ചു. സുസ്ഥിര വികസന പദ്ധതികൾ നടപ്പിലാക്കുന്നതിലും മാലിന്യം സംസ്‌ക്കരിക്കുന്നതിലും സിയാൽ സ്വീകരിച്ച മാർഗങ്ങൾ മാതൃകാപരമാണെന്ന് സംഘത്തലവൻ ബ്രിഗേഡിയർ എ.കെ. പുണ്ഡീർ വ്യക്തമാക്കി. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ അശോക് കുമാർ സിംഗ് കോഓർഡിനേറ്ററായി പങ്കെടുത്തു.
സിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ എ.എം. ഷബീർ, സിയാൽ ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ പി. ജോസ് തോമസ്, ജനറൽ മാനേജർ ജോസഫ് പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.