അങ്കമാലി:കറുകുറ്റി ഗ്രാമപഞ്ചായത്തിൽ 23,18,44,550 രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ആധുനിക രീതിയിലുളള പൊതു ശ്മശാനത്തിനായി 2.5 കോടി ,​പാലിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിനായി 1.37 കോടി,​ കാർഷിക മേഖലയ്ക്ക് 98,41,500 രൂപയും വകയിരിത്തിയിട്ടുണ്ട്.

സോളാർ പദ്ധതിക്കായി 25 ലക്ഷവും മൃഗസംരക്ഷണത്തിനായി 39,02,400 രൂപയും ശുചിത്വത്തിനും തെരുവുകളിൽ നീരീക്ഷണ കാമറ സ്ഥാപിച്ച് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തുന്നതിനും മാലിന്യ സംസ്‌കരണത്തിനുമായി 28,50,000 രൂപയും ഫ്രണ്ട് ഓഫീസ് നിർമ്മാണത്തിനായി 25,00,000 രൂപയും യുവാക്കൾക്കും വയോജനങ്ങൾക്കുമായി കലാ-സാംസ്‌ക്കാരിക,വിദ്യാഭ്യാസത്തിനും കരിയർ ഗൈഡൻസിനും വിവിധ ഏജൻസികളെ പങ്കെടുപ്പിച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നതിനുമായി 12 ലക്ഷം രൂപയും എല്ലാ വീടുകൾക്കും കുടിവെള്ള കണക്ഷനുകൾക്കായി 21,54,500 രൂപയും വനിതാ-ശിശു സംരക്ഷണത്തിനും അങ്കണവാടികൾക്കുമായി 34,00,000 രൂപയും കുടുംബശ്രീക്കും യുവ ജനങ്ങൾക്കും വനിതകൾക്കുമായി 12,00,000 രൂപയും ജനങ്ങളുടെ ജീവനും,കർഷകരുടെ കൃഷിക്കും ഭീഷണിയായിരിക്കുന്ന വന്യജീവികളുടെ ശല്യം ഒഴിവാക്കുന്നതിനായി ഫെൻസിംഗ് നടത്തുന്നതിന് 15 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.ഏഴാറ്റുമുഖം ടൂറിസത്തിനും പ്രാധാന്യം നൽകി. കാർഷിക രംഗത്ത് യുവാക്കളെ ആകർഷിക്കാൻ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ കർഷക സേന രൂപവത്കരിച്ച് തരിശു ഭൂമികളിൽ കൃഷിയിറക്കാനും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കായി പഠനോപകരണങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളർഷിപ്പ്,വിദേശ പഠനത്തിനും വിദേശ ജോലിക്കുമായി ധനസഹായം, ലക്ഷം വീടുകൾ മാതൃകാ ഭവനങ്ങളാക്കാനും ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കാനും ബഡ്ജറ്റിൽ തുക വകകൊള്ളിച്ചിട്ടുണ്ട്.