ആലുവ: ജെബി മേത്തർ ഹിഷാം രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനായി കൗൺസിലർ സ്ഥാനവും വൈസ് ചെയർമാൻ സ്ഥാനവും രാജിവെച്ച ഒഴിവിൽ ആലുവ നഗരസഭയിൽ അവകാശവാദവുമായി ഐ ഗ്രൂപ്പ് ചരടുവലി തുടങ്ങി.
26 അംഗ കൗൺസിലിൽ ഭരണപക്ഷമായ കോൺഗ്രസിന്റെ 14 സീറ്റിൽ മൂന്ന് പേർ ഒഴികെയുള്ളവരെല്ലാം എ ഗ്രൂപ്പുകാരായതിനാൽ ചെയർമാൻ സ്ഥാനവും വൈസ് ചെയർമാൻ സ്ഥാനവും എ ഗ്രൂപ്പ് കൈവശപ്പെടുത്തിയിരിക്കുകയായിരുന്നു. ജെബിയുടെ ഒഴിവിൽ വൈസ് ചെയർപേഴ്സനെ നിശ്ചയിക്കുമ്പോൾ ഐ പക്ഷത്തിന് വേണമെന്ന് ശക്തമായി ആവശ്യപ്പെടാനാണ് നീക്കം. പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെട്ട സാഹചര്യത്തിൽ ജെബിയുടെ പിന്തുണയും ഇവർ പ്രതീക്ഷിക്കുന്നുണ്ട്. ഐ പക്ഷത്ത് നിന്നും വനിത പ്രതിനിധികളായുള്ളത് ആറാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിസ ജോൺസണും 26ൽ നിന്നുള്ള സീനത്ത് മൂസാക്കുട്ടിയുമാണ്. സീനിയോറിട്ടിയും പൊതുരംഗത്തെ പരിചയവും പരിഗണിക്കുമ്പോൾ ലിസ ജോൺസനെ ഐ ഗ്രൂപ്പ് നിർദ്ദേശിക്കും. 2010 -15 കാലയളവിൽ ലിസ കൗൺസിലറായിരുന്നു. മഹിളാ കോൺഗ്രസിന്റെ തോട്ടക്കാട്ടുകര മണ്ഡലം പ്രസിഡന്റുമാണ്. മാത്രമല്ല, ജെബി ഒഴിയുന്ന ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ലിസ അംഗമാണ്.
കോൺഗ്രസിന്റെ വനിത കൗൺസിലർമാരിൽ ലിസയെ കൂടാതെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടവരിൽ മറ്റൊരാൾ 23 -ാം വാർഡിൽ നിന്നുള്ള സൈജി ജോളിയാണ്. എ ഗ്രൂപ്പുകാരനായ മുൻ ചെയർമാൻ എം.ടി. ജേക്കബിന്റെ സഹോദര ഭാര്യയാണ്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായ സൈജി ജോളി സ്വകാര്യാവശ്യവുമായി ബന്ധപ്പെട്ട് കുറച്ചുനാളായി വിദേശത്താണ്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ഇവരെ എ ഗ്രൂപ്പ് പിന്തുണക്കുമെന്നാണ് സൂചന. എന്തായാലും വൈസ് ചെയർപേഴ്സനായി ലിസയോ സൈജിയോ എന്ന് മാത്രമാണ് അറിയേണ്ടത്.
14 ഭരണപക്ഷ കൗൺസിലർമാരിൽ ജെബി രാജിവെക്കുമ്പോൾ അംഗബലം 13 ആയി ചുരുങ്ങും. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയില്ലെങ്കിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും 13 വീതമാകും. അങ്ങനെ വന്നാൽ എൽ.ഡി.എഫും ബി.ജെ.പിയും ഒരുമിക്കില്ലെന്ന ആശ്വാസം മാത്രമാണ് കോൺഗ്രസിനുള്ളത്. എന്നാൽ ഏകപക്ഷീയ തീരുമാനവുമായി ഭരണപക്ഷത്തിന് മുന്നോട്ട് പോകാനാകില്ല.