
കൊച്ചി: കോർപ്പറേഷന്റെ രേഖകളിലെ പേരണ്ടൂർ റോഡ് പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ഫണ്ടിൽ ഉൾപ്പെടുത്തിയപ്പോൾ എൽ.എഫ്.സി റോഡായി മാറി. കൊച്ചി കോർപ്പറേഷന്റെ ഔദ്യോഗിക രേഖകളിൽ കലൂർ മുതൽ എളമക്കര വരെയുള്ള പേരണ്ടൂർ റോഡ് എന്നാണെന്ന് വിവരാവകാശരേഖയിൽ പറയുന്നു. പ്രളയകാല റോഡ് പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പണം ചെലവഴിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ബോർഡിൽ എൽ.എഫ്.സി റോഡ് എന്നാണ് രേഖപ്പെടുത്തിയത്. കലൂർ മുതൽ പുതിയ റോഡ് വരെയുള്ള സ്ഥലം പ്രളയം ബാധിച്ചതല്ലെന്ന് ബി.ജെ.പി നേതാവ് ടി. ബാലചന്ദ്രൻ പറഞ്ഞു. പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് റോഡ് മോടിപിടിപ്പിച്ചത്. വാട്ടർ കണക്ഷനായി സ്വകാര്യ വ്യക്തികൾ എടുത്ത കുഴികളൊഴിച്ചാൽ മെട്രോ നിർമ്മാണത്തിന് മുന്നോടിയായി നിർമ്മിച്ച റോഡിന് യാതൊരുവിധ കേടുപാടുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.