chijurani
ആലുവ മഹാത്മാ ഗാന്ധി ടൗൺഹാളിൽ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ഷീര സംഗമത്തിന്റെ പൊതുസമ്മേളനവും മേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ചിഞ്ചു റാണി നിർവഹിക്കുന്നു.

ആലുവ: പാൽ ഉല്പാദനത്തിൽ രാജ്യത്ത് ഒന്നാമതെത്തുന്നതിനുള്ള പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ആലുവയിൽ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീര സംഗമത്തിന്റെ പൊതുസമ്മേളനവും നൂതന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. യുവ തലമുറയ്ക്കും പ്രവാസികൾക്കും സഹായമാകുന്ന പദ്ധതികളും വകുപ്പ് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രാദേശികതലത്തിൽ കാലിത്തീറ്റ ഉല്പാദിപ്പിക്കുന്നവർക്കുള്ള ധനസഹായ പദ്ധതിയായ എൻ.സി.എഫ്.ആറിന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലയിൽ ആദ്യമായി ഇത്തരത്തിൽ കാലിത്തീറ്റ ഉല്പാദിപ്പിച്ച പറവൂർ കോട്ടയിൽകോവിലകം ക്ഷീര സംഘത്തിനുള്ള സഹായം കൈമാറി. അഞ്ച് ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 3.75 ലക്ഷം രൂപ സബ്‌സിഡി നൽകും.

മികച്ച ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു.അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബഹന്നാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരായ വി.പി. സുരേഷ്‌കുമാർ, പി.പി. ബിന്ദു മോൻ, ഇ.ആർ.സി.എം.പി.യു ചെയർമാൻ ജോൺ തെരുവത്ത്, കരുമാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു എന്നിവർ സംസാരിച്ചു.