chandrika
ചന്ദ്രിക

കൊച്ചി: മലേഷ്യൻ മലയാളിയായ വീട്ടമ്മ ഇടപ്പള്ളിയിലെ ഫ്ലാറ്റിന്റെ 12-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മലേഷ്യയിൽ സ്ഥിരതാമസമാക്കിയ ഒറ്റപ്പാലം സ്വദേശി മോഹന്റെ ഭാര്യ തൃശൂർ തിരുവില്ല്വാമല സ്വദേശിനി ചന്ദ്രിക രാമചന്ദ്രനാണ് (63) മരിച്ചത്.

ഇന്നലെ രാവിലെ ഒമ്പതരയോടെ ഇടപ്പള്ളി കണ്ണന്തോടത്ത് ലൈനിലെ എസ്.ഐ കിംഗ്സ് വേ പോയിന്റ് ഫ്ലാറ്റിലാണ് സംഭവം. ഫ്ലാറ്റിന്റെ മതിലിലേക്കാണ് ചന്ദ്രിക വീണത്. മതിലിൽ തട്ടി ഇടതുകാൽ അറ്റ് അയൽവാസിയുടെ പുരയിടത്തിൽ വീണു. ശബ്ദംകേട്ടെത്തിയ അയൽവാസി ചോരയിൽ കുളിച്ച കാൽകണ്ട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. എളമക്കര പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മതിലിന്റെ മറുവശത്ത് മൃതദേഹം കണ്ടത്. തത്ക്ഷണം മരിച്ചു.

വെരിക്കോസ് വെയിനിന് ചികിത്സയിലിരുന്ന ചന്ദ്രിക ഏറെ നാളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയിലാണ് ഒറ്റപ്പാലത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ ചന്ദ്രികയും മോഹനനും മലേഷ്യയിൽ നിന്ന് കൊച്ചിയിലെത്തിയത്. രണ്ട് മാസം കൂടുമ്പോൾ ഇവർ കൊച്ചിയിൽ വരാറുണ്ട്. വിമാനമിറങ്ങിയ ശേഷം സ്വന്തം ഫ്ലാറ്റിൽ താമസിച്ച് രാവിലെ ഒറ്റപ്പാലത്തേക്ക് പോകാനായിരുന്നു തീരുമാനം. രാവിലെ മോഹൻ ക്ഷേത്രത്തിൽ പോകാൻ വിളിച്ചെങ്കിലും ചന്ദ്രിക വി​സമ്മതി​ച്ചു​. ഡ്രൈവർക്കൊപ്പം മോഹൻ ക്ഷേത്രത്തിൽ പോയ സമയത്താണ് ചന്ദ്രിക ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയത്.

ഇവർ ഫ്ളാറ്റി​ന്റെ സംരക്ഷണ ഭി​ത്തി​ക്ക് മുകളിൽ കയറാനായി​ ഉപയോഗി​ച്ചതെന്ന് കരുതുന്ന കസേര കണ്ടെത്തി​. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ടു മക്കളിൽ ഒരാൾ ദുബായിലും മറ്റേയാൾ മലേഷ്യയിലുമാണ്.