കിഴക്കമ്പലം: ഉദ്യോഗസ്ഥ, ഭരണ സംവിധാനങ്ങൾക്ക് താക്കീതായി കൊടിയുടെ നിറം നോക്കാതെ കിഴക്കമ്പലം നെല്ലാട് റോഡിൽ നാട്ടുകാർ തീർത്ത വാഹനച്ചങ്ങല പ്രതിഷേധത്തിന്റെ വേറിട്ട സമരമായി മാറി. ബി.എം, ബി.സി റോഡിനായി റോഡ് വാട്സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച സമരങ്ങളുടെ മൂന്നാം ഘട്ടമായിരുന്നു വാഹനച്ചങ്ങല. പത്ത് വർഷമായി തകർന്നു കിടക്കുന്ന റോഡിനായി വിവിധ രാഷ്‌ട്രീയ മുന്നണികൾ നടത്തിയ സമരങ്ങൾ ലക്ഷ്യം കാണാതെ വന്നപ്പോഴാണ് കൊടിയുടെ നിറം നോക്കാതെ വാട്സ് ആപ്പ് ഗ്രൂപ്പെന്ന കുടക്കീഴിൽ ഒന്നിച്ച് നാട്ടുകാർ അതിജീവന സമരത്തിനിറങ്ങിയത്. ആദ്യ ഘട്ടത്തിൽ ലക്ഷം പേരുടെ ഒപ്പു ശേഖരിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. രണ്ടാം ഘാത്തിൽ റോഡിൽ പ്രതിഷേധജ്വാല തീർത്തു.
മൂന്നാം ഘട്ടമാണ് വാഹനച്ചങ്ങല. ഇതോടെ സഹന സമരങ്ങൾ അവസാനിപ്പിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. വിവിധ ജോലികളിൽ സജീവമായിരിക്കുന്ന ഒരുപറ്റം യുവജനങ്ങൾ അടങ്ങിയ ഗ്രൂപ്പാണ് സുഗമമായ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി പട പൊരുതാൻ ഇറങ്ങിയിരിക്കുന്നത്. നിലവിൽ 2.10 കോടി രൂപ റോഡ് അറ്റകുറ്റപണിക്കായി അനുവദിച്ചെങ്കിലും സമയബന്ധിതമായി പണി പൂർത്തിയാക്കാൻ കരാറെടുത്തവരും ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ചയായി അറ്റകുറ്റപ്പണിയും മുടങ്ങിയതോടെയാണ് ഇവർ പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്. ഇനിയും നിർമ്മാണം സുഗമമായി മുന്നോട്ട് പോയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ തെരുവിൽ തടയുന്നതടക്കം സമരരൂപത്തിന്റെ ഭാവവും രൂപവും മാറ്റാനാണ് ഇവരുടെ തീരുമാനം. അതിനിടെ കിഴക്കമ്പലം പട്ടിമറ്റം റോഡ് അറ്റകുറ്റപണിക്കായി 1.34 കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. ഇന്ന് മുതൽ മിക്സിംഗ് പ്ളാന്റ് തകരാറിലായതിനെ തുടർന്ന് തത്കാലം നിർത്തിവച്ച ടാറിംഗ് പുനരാരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.