വൈപ്പിൻ: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര തീരദേശ മാനവശക്തി വിഭവ വികസന കേന്ദ്രത്തിൽ പണ്ഡിറ്റ് കറുപ്പൻ പഠനകേന്ദ്രം ലൈബ്രറി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അക്ഷരം അഗ്‌നിയാണെന്ന ഉദ്‌ബോധനത്തിന്റെ സാരാംശം ഉൾക്കൊണ്ട് ആധുനിക കാലഘട്ടത്തിനനുസരിച്ച് വിജ്ഞാനത്തിന്റെ വെളിച്ചം പരത്താൻ പര്യാപതമായ റഫറൻസ് ലൈബ്രറിയെന്ന നിലയിലേക്ക് പുതിയ സംരംഭത്തെ ഉയർത്താൻ എല്ലാ സഹകരണവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എം.എൽ.എ.യുടെ പുസ്തക ഗ്രാൻഡ് ഇതിന് വിനിയോഗിക്കുമെന്നും എം.എൽ.എ. വ്യക്തമാക്കി.
സ്റ്റഡി സെന്റർ പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ലോഗോ പ്രകാശനവും ലൈബ്രറി കൗൺസിൽ കൊച്ചി താലൂക്ക് സെക്രട്ടറി ഒ. കെ. കൃഷ്ണകുമാർ അംഗത്വ വിതരണവും സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പുസ്തക വിതരണവും നിർവ്വഹിച്ചു.
കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ, എഴുത്തുകാരൻ ടി. കെ. ഗംഗാധരൻ, പഞ്ചായത്ത് അംഗം ബീന ദേവസി, തീരദേശ മാനവശക്തി വിഭവ വികസന കേന്ദ്രം പ്രസിഡന്റ് പി. കെ. പുരുഷോത്തമൻ, പി. കെ. എം. എസ്. സി. സെക്രട്ടറി കെ. എസ്. സലി, എക്‌സിക്യൂട്ടീവ് അംഗം അമ്മിണി ടീച്ചർ എന്നിവർ പ്രസംഗിച്ചു.