നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കാരയ്ക്കാട്ടുക്കുന്ന് ചിറയ്ക്ക് സമീപം ചീയങ്കോട് പാടശേഖരം നികത്താനുള്ള ഭൂമാഫിയയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി കർഷകതൊഴിലാളി യൂണിയൻ രംഗത്തെത്തി. പാടശേഖരം തിരിച്ച് വില്പന നടത്തിനുള്ള നീക്കമാണ് ഭൂമാഫിയ നടത്തുന്നതെന്ന് സ്ഥലം സന്ദർശിച്ച കർഷക തൊഴിലാളി യൂണിയൻ നേതാക്കൾ ആരോപിച്ചു.
പാടശേഖരം പ്ളോട്ടുകളാക്കിയ ശേഷം മണ്ണടിച്ചു നികത്താനാണ് ശ്രമം. ഈ പാടശേഖരം നികത്തിയാൽ മാഞ്ഞാലി തോട് നിറഞ്ഞു കവിഞ്ഞു വരുന്ന വെള്ളം പാടത്തിന് സമീപമുള്ള തേലക്കാട്ട് റോഡിൽ കയറും. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറും. ചീയങ്കോട് പാടശേഖരത്തിൽ നിന്നും ആര്യാങ്കാല തോട് വഴി ചിറയിലേക്കും വെള്ളം കയറും. ഇതോടെ ചിറയുടെ സമീപത്തെ അങ്കണവാടിയിലും സമീപത്തെ വീടുകളിലേക്കും വെള്ളം കയറുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. ഭാരവാഹികളായ എ.വി. സുനിൽ, പി.കെ. അജി, കെ.എസ്. രാജീവ്, സി.പി. ഷാജി, ടി.എസ്. പ്രമോദ്, വി.കെ. രാജീവ് എന്നിവർ പ്രദേശം സന്ദർശിച്ചു. അധികാരികൾ വേണ്ട നടപടി എടുക്കണമെന്ന് യൂണിയൻ ആവശ്യപെട്ടു