കൊച്ചി: ക്ഷേത്രഭൂമികൾ കൈയേറിയവർക്ക് പട്ടയം നൽകാനുള്ള സർക്കാർ നടപടി പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി സമ്പൂർണ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. നാല് മുതൽ അഞ്ച് ഏക്കർ വരെയുള്ള കൈയേറ്റ, കൈവശഭൂമികൾക്ക് അദാലത്തിലൂടെ പട്ടയം നൽകാനാണ് ശ്രമം. ദേവസ്വം ഭൂമി കൈയേറ്റം അദാലത്തുകളിൽ തീർപ്പുകൽപ്പിക്കാറില്ല. രേഖകൾ പരിശോധിച്ച് കോടതികളാണ് വിധി പറയാറുള്ളത്. ക്ഷേത്രഭൂമിക്ക് അദാലത്തിലൂടെ പട്ടയം കൊടുക്കുന്നത് ഭൂമാഫിയകളെ സഹായിക്കാനാണ്.
അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുക്കാനും ക്ഷേത്രങ്ങൾ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്ന മലബാർ ദേവസ്വം ബോർഡിന്റെ നടപടിളിൽ പ്രതിഷേധിച്ചും മലബാർ കേന്ദ്രീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഏപ്രിൽ, മേയ് മാസങ്ങളിൽ പഞ്ചായത്ത്, താലൂക്ക്, ജില്ലാതല കൺവെൻഷനുകൾ പൂർത്തിയാക്കും. മേയ് 27, 28, 29 തീയതികളിൽ എറണാകുളത്ത് സംസ്ഥാന സമ്മേളനം നടത്തും.
സംസ്ഥാന രക്ഷാധികാരി കെ.എൻ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ആർ.എസ്.എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണൻ, പ്രാന്ത സഹകാര്യവാഹകും ഹിന്ദു ഐക്യവേദി സമ്പർക്കാധികാരിയുമായ ടി.വി. പ്രസാദ് ബാബു, ജനറൽ സെക്രട്ടറിമാരായ ആർ.വി. ബാബു, പി. സുധാകരൻ, സംഘടനാ സെക്രട്ടറി സി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.