മൂവാറ്റുപുഴ :മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റർമാർക്കും അദ്ധ്യാപകർക്കുമായി നടത്തിയ അദ്ധ്യാപക ശാക്തീകരണ പരിപാടി റിവൈവ് 2022 ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. വിജയ ഉദ്ഘാടനം ചെയ്തു. എ. ഇ. ഒ .ഇൻ ചാർജ് ഡി. ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലയിൽ പാഠ്യ-പാഠ്യേതര മികവുകളുടെ അവതരണത്തിൽ വിജയികളായ വിദ്യാലയങ്ങൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. സമഗ്ര വിദ്യാലയ വികസനം എന്ന വിഷയത്തിൽ ദേശീയ അദ്ധ്യാപക അവാർജ് ജേതാവ് എം. മഹേഷ് കുമാറും തലയിലെഴുത്തിന്റെ മനശാസ്ത്രമെന്ന വിഷയത്തിൽ മാസ്റ്റർ ട്രാൻസാക്ഷണൽ ട്രെയിനർ സ്റ്റീഫൻ വർഗീസും കെ.ഇ.ആർ,​ കെ.എസ്.ആർ വിഷയങ്ങളിൽ റിട്ട. അദ്ധ്യാപകനായ പി.എ .അബ്ദുൾ അസീസും സാങ്കേതിക വിദ്യ ക്ലാസ് മുറികളിൽ എന്ന വിഷയത്തിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് വിധു പി. നായരും ക്ലാസെടുത്തു. എച്ച്. എം. ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ് സ്വാഗതവും പി.എ .സലിം നന്ദിയും രേഖപ്പെടുത്തി.