 
കോലഞ്ചേരി: മണ്ണൂർ- പോഞ്ഞാശേരി റോഡ് നിർമ്മാണം വൈകുന്നത് മണ്ണൂർ പാടശേഖരത്തിലെ നെൽ കർഷകർക്കും തിരിച്ചടിയാകുന്നു. മണ്ണൂർടൗണിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി നാട്ടുകാർ വിട്ടുനൽകിയ സ്ഥലത്തിന്റെ കാര്യവും സ്വാഹാ. അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കഴിഞ്ഞ മൂന്നുവർഷമായി മണ്ണൂർ പാടശേഖരം തരിശായി കിടക്കുകയാണ്. നാലുവശങ്ങളിൽനിന്നുവരുന്ന റോഡുകൾ ഒന്നിക്കുന്ന മണ്ണൂർജംഗ്ഷനിൽ മഴ ചാറിയാലുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അന്ന് പഞ്ചായത്ത് അംഗമായിരുന്ന ധന്യ ജയശേഖർ ഇടപെട്ട് വ്യാപാരി വ്യവസായികളുടെയും സൗജന്യമായി സ്ഥലംനൽകിയ ഉടമകളുടെയും സഹകരണത്തോടെ ടൗണിൽനിന്ന് പറയൻതോടുവരെ കാനയ്ക്കായി പൊതുമരാമത്ത് വകുപ്പിന് സ്ഥലം വിട്ടുനൽകിയിരുന്നു.
 വെള്ളം കുത്തിയൊലിക്കുന്നത് പാടശേഖരത്തിലേക്ക്
പോഞ്ഞാശേരിവരെ ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിന്റെ ഭാഗമായി ടൗണിൽ നിന്നുമുള്ള ഓട നിർമ്മാണം തത്കാലം നിർത്തിവയ്ക്കുകയും മണ്ണൂർ പാടശേഖരം ഭാഗത്ത് റോഡ് വീതികൂട്ടുന്നതിനായി പാടത്തിന്റെ ഇരുവശം കരിങ്കല്ല് കെട്ടിയെടുക്കുകയും ചെയ്തു. ഇതിനായി പാടശേഖരത്തേക്ക് ട്രാക്ടർ ഇറക്കിയിരുന്ന റാമ്പുകളും പൊളിച്ചുനീക്കി. നിലവിൽ ടൗണിലെ വെള്ളം കുത്തിയൊലിച്ച് പാടശേഖരത്തിലേക്കാണ് ഒഴുകുന്നത്. ഇതോടെ കൃഷി ചെയ്യാൻ കഴിയാതെയായി. ഇതോടൊപ്പം റാമ്പുകൾ പൊളിച്ചുമാറ്റിയതോടെ പാടത്തേക്കുള്ള വഴിയുമടഞ്ഞു. പൊളിച്ച് മാറ്റുന്ന സമയത്ത് റാമ്പ് പുനർ നിർമ്മിച്ചുതരുമെന്ന് അന്നത്തെ മുവാറ്റുപുഴ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ ഉറപ്പുനൽകിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇതേവരെ വാക്കുപാലിക്കപ്പെട്ടിട്ടില്ല. കൃഷി മുടങ്ങിക്കിടക്കുന്നതിൽ സ്ഥലമുടമകൾ കടുത്ത അമർഷത്തിലാണ്.
 തീരുമാനമാകാതെ റാമ്പ് നിർമ്മാണം
നിലവിൽ മണ്ണൂർ - പോഞ്ഞാശേരി റോഡിന്റെ നിർമ്മാണച്ചുമതല കെ.ആർ.എഫ്.ബിക്കാണ്. ഇവരുമായി നാട്ടുകാർ സംസാരിച്ചെങ്കിലും റാമ്പ് നിർമ്മാണത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതോടൊപ്പം കരിങ്കൽ ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടിയതിന്റെ അവശിഷ്ടങ്ങൾ പാടത്ത് കൂടിക്കിടക്കുന്നത് എടുത്ത് മാറ്റണമെന്നും കർഷകർ ആവശ്യപ്പെട്ടു. റാമ്പ് പുനർനിർമ്മിക്കാനായി കൃഷിമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ധനകാര്യ മന്ത്രിക്കും പരാതി നൽകി കാത്തിരിക്കുകയാണ് സ്ഥലം ഉടമകൾ.