vpj
മന്ത്രി പി.രാജീവ് ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയിയെ പൊന്നാട അണിയിക്കുന്നു. പി.വി. ശ്രീനിജിൻ എം.എൽ.എ സമീപം

കൊച്ചി:ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിയുടെ ഭാവന കാവ്യമായി പെയ്തിറങ്ങിയ 'ഹരിതം കാവ്യരാഗം' സംഗീത രാവ് നവ്യാനുഭവമായി. പ്രകൃതി ദർശനവും പാരിസ്ഥിതിക വീക്ഷണവും അടിസ്ഥാനമാക്കി വി.പി. ജോയ് രചിച്ച ആറു കവിതകളാണ് കഴിഞ്ഞ ദിവസം ശാസ്ത്രീയ സംഗീതത്തിന്റെ രാഗതാളങ്ങളോടെ അദ്ദേഹത്തിന്റെ പൂർവ്വവിദ്യാലയമായ കോലഞ്ചേരി പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ആവിഷ്‌കരിച്ചത്. ഗുരുക്കന്മാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നാട്ടുകാരുമടങ്ങുന്ന സദസ് സാക്ഷികളായി.

അനേക ലോകങ്ങൾക്കിടയിൽ വാസയോഗ്യമായ ഏകലോകം തിരയുന്ന 'ലോകങ്ങൾ', ഇന്നത്തെ ഇലകൾ ഇന്നലത്തെ വേരുകൾക്ക് നന്ദിയർപ്പിക്കുന്ന 'ഇലയും വേരും', നാട്ടു പള്ളിക്കൂടത്തിൽ പഠിച്ചതിന്റെ സമ്പന്നമായ ബാല്യകാല ഓർമ്മകൾ വരച്ചിട്ട 'പ്രകൃതി ലോലം ഭാഗം-1', പ്രപഞ്ച രഹസ്യങ്ങൾ തിരയുന്ന ശാസ്ത്രജ്ഞന്റെ മനസ് പ്രകടമാകുന്ന 'പ്രകൃതി ലോലം ഭാഗം -2', ഒന്ന് മറ്റൊന്നിന് ആനന്ദമാകുന്ന ഭാരതീയ ലാവണ്യ ചിന്തയിൽ അധിഷ്ഠിതമായ 'തണൽ' എന്നീ കവിതകളാണ് ഡോ. മണക്കാല ഗോപാലകൃഷ്ണൻ ആറു രാഗങ്ങളിലായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്. സാഹിത്യ അവതരണം കടമ്മനിട്ട പ്രസന്നകുമാർ നിർവഹിച്ചു. വ്യവസായമന്ത്രി പി. രാജീവ് സംഗീതരാവ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.വി ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി.

സ്‌നേഹത്തിന്റെയും സഹൃദയത്വത്തിന്റെയും സന്ദേശമെത്തിക്കുകയാണ് കവിതയുടെ ധർമ്മമെന്ന് വി.പി. ജോയ് പറഞ്ഞു. 1978ലാണ് പൂതൃക്ക ജി.എച്ച്.എസ്.എസിൽ നിന്ന് അദ്ദേഹം എസ്.എസ്.എൽ.സി പൂർത്തിയാക്കിയത്.