കൊച്ചി: സൈനികർക്കും ആശ്രിതർക്കും വിരമിച്ചവർക്കും വിലക്കുറവിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്ന കരസേനയുടെ കാന്റീൻ വൈറ്റില ഹബ്ബിന് സമീപം എരൂരിൽ പ്രവർത്തനം ആരംഭിച്ചു. കരസേനയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ രണ്ടാമത്തെ കാന്റീനാണിത്. എരൂർ പിഷാരികോവിലിന് സമീപമാണ് കാന്റീൻ പ്രവർത്തിക്കുക. കരസേനയ്ക്ക് പുറമെ നാവികസേന ഉൾപ്പെടെ ഇതര കേന്ദ്രസേനാംഗങ്ങൾക്കും ആശ്രിതർക്കും വിരമിച്ചവർക്കും യുദ്ധവിധവകൾക്കും വീരനാരികൾക്കും ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങാൻ കഴിയും. കരസേനയുടെ സ്റ്റേഷൻ കാന്റീൻ ഡിപ്പാർട്ടുമെന്റാണ് കാന്റീൻ നടത്തുന്നത്.
കരസേനയുടെ കൊച്ചി സ്റ്റേഷൻ ആസ്ഥാനമേധാവി കേണൽ സജി എബ്രഹാമിന്റെ സാന്നിദ്ധ്യത്തിലാണ് കാന്റീൻ ഇന്നലെ പ്രവർത്തനം ആരംഭിച്ചത്. ഒൗദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പലചരക്കുകൾ, വീട്ടുസാധനങ്ങൾ, ഗൃഹോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, പ്ളാസ്റ്റിക് വസ്ക്കുക്കൾ, ബാഗുകൾ തുടങ്ങിയവ കാന്റീനിൽ ലഭിക്കും. പൊതുജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിയില്ല.
16,000 ചതുരശ്രയടി വിസ്തീർണമുള്ള കാന്റീനാണ് ഒരുക്കിയിരിക്കുന്നത്. സൈനികർക്ക് ക്വാട്ട പ്രകാരമുള്ള മദ്യം ലഭ്യമാക്കാൻ പ്രത്യേക വിഭാഗവുമുണ്ട്. എറണാകുളത്തിന് പുറമെ സമീപപ്രദേശങ്ങളിലുള്ള കാന്റീൻ കാർഡുള്ളവർക്കും സാധനങ്ങൾ വാങ്ങാൻ കഴിയും. കരസേനയുടെ സ്റ്റേഷൻ കാന്റീൻ ഡിപ്പാർട്ടുമെന്റിന്റെ കൊച്ചി ഓഫീസിന് കീഴിൽ മൂവാറ്റുപുഴ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലും കാന്റീനുകൾ പ്രവർത്തിക്കുന്നുണ്ട്.