കോലഞ്ചേരി: 25 ലക്ഷം രൂപയുടെ കേരളലോട്ടറി സമ്മർ ബമ്പർ രണ്ടാം സമ്മാനത്തിന് അർഹയായ ചെന്നൈ സ്വദേശിനി സുബ്ബറാവു പദ്മം ഇന്നലെ ഉച്ചയോടെ ആലുവയിലെത്തി ലോട്ടറി ഏജന്റ് സ്മിജയെ കണ്ടു. സമ്മാനമടിച്ച ടിക്കറ്റ് സ്മിജ സന്തോഷപൂർവം പദ്മത്തെ ഏൽപ്പിച്ചു.
ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകി വാങ്ങിയ ടിക്കറ്റിന് സമ്മാനം ലഭിച്ച വിവരം സ്മിജ തന്നെയാണ് കഴിഞ്ഞ ദിവസം പദ്മയെ അറിയിച്ചത്. ചെന്നൈയിൽ നിന്ന് വിമാനത്തിലെത്തിയ പദ്മം ഇന്നലെ തന്നെ ഐ.സി.ഐ.സി.ഐ ബാങ്ക് ആലുവ ശാഖയിൽ ടിക്കറ്റ് ഏൽപ്പിച്ചു.
കഴിഞ്ഞ വർഷത്തെ സമ്മർ ബമ്പറിന്റെ ആറ് കോടി രൂപ സ്മിജ കീഴ്മാട് സ്വദേശി ചന്ദ്രന് കടംകൊടുത്ത ടിക്കറ്റിനായിരുന്നു. നറുക്കെടുപ്പു ദിവസം തന്നെ ചന്ദ്രന്റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറിയതോടെയാണ് സ്മിജ ലോകശ്രദ്ധയാകർഷിച്ചത്.
കേരളത്തിൽ തീർത്ഥാടനത്തിന് എത്തിയപ്പോഴാണ് വാർത്തകളിലൂടെ അറിഞ്ഞ് സ്മിജയെ പദ്മം പരിചയപ്പെടുന്നത്. തുടർന്ന് ബാങ്ക് വഴി പണം നൽകി പതിവായി ടിക്കറ്റ് വാങ്ങാറുണ്ട്. ടിക്കറ്റ് സ്മിജ തന്നെ സൂക്ഷിക്കും.
ആലുവ ചെമ്പറക്കിയിൽ രാജഗിരി ആശുപത്രിക്ക് സമീപമാണ് സ്മിജയുടെ ലോട്ടറിക്കട. ഗണിതത്തിൽ ബിരുദാനന്തര ബിരുദക്കാരിയാണെങ്കിലും ചെറുപ്പം മുതൽ ലോട്ടറിയോട് കൂട്ടുകൂടി ജീവിച്ച സ്മിജ പി.എസ്.സി പരീക്ഷകൾ വരെ ഉപേക്ഷിച്ചാണ് ലോട്ടറിക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. പഠിക്കാൻ പോകുന്ന സമയത്തും പോക്കറ്റ് മണിക്കായി ലോട്ടറി വില്പനയുണ്ടായിരുന്നു. ഭർത്താവ് രാജേശ്വരനും സഹായത്തിന് ഒപ്പമുണ്ട്. പട്ടിമറ്റത്താണ് താമസം.