നെടുമ്പാശേരി: ഭവനനിർമ്മാണത്തിനും സോളാർ പദ്ധതികൾക്കും മാലിന്യ സംസ്‌കരണത്തിനും ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണത്തിനും മുൻഗണന നൽകി നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. 31,67,55978 രൂപ വരവും 31,32,32500 രൂപ ചെലവുംവരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
ഭവന നിർമ്മാണത്തിനായി 3.51 കോടിയും കാർഷികമേഖലയ്ക്ക് 72 ലക്ഷവും തെരുവു വിളക്കുകളുടെ സോളാർ വത്കരണത്തിന് 75ലക്ഷം രൂപയും വകയിരുത്തി. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പദ്ധതികൾക്കായി 35ലക്ഷം രൂപയും ഉറവിടമാലിന്യ സംസ്‌കരണ പദ്ധതികൾക്കായി 30 ലക്ഷം രൂപയും നീക്കിവച്ചു. ആധുനിക ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് അഞ്ചുകോടി രൂപയുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള ബഡ്ജറ്റ് അവതരിപ്പിച്ചു.