photo
പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ ജലതരംഗം കാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ചുട്ടുപൊള്ളുന്ന ഈ വേനൽക്കാലത്ത് ജലജന്യരോഗസാദ്ധ്യതകളെ പ്രതിരോധിച്ച് ആരോഗ്യസുരക്ഷയ്ക്ക് വേറിട്ട ജനകീയ ഇടപെടലുമായി മുനമ്പം കുടുംബാരോഗ്യകേന്ദ്രം. ജലം കരുതിവയ്‌ക്കേണ്ടതിന്റെയും ജലശുചിത്വം ഉറപ്പാക്കിക്കൊണ്ട് ആരോഗ്യകരമായ മനുഷ്യജീവിതത്തിന് ശുദ്ധജലം ധാരാളം കുടിക്കേണ്ടതിന്റെയും പ്രാധാന്യം ഓർമ്മിപ്പിച്ച് മുനമ്പം ബീച്ചിൽ ജലതരംഗം കാമ്പയിൻ സംഘടിപ്പിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ മുനമ്പം ബേസിക് ഹെൽത്ത് സെക്ഷനിലെ വാർഡുതല ആരോഗ്യ ശുചിത്വസമിതികളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു കാമ്പയിൻ. സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.എഫ്. വിൽസൻ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെന്നി ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോൾസൺ മാളിയേക്കൽ, ജസ്‌ന സനൽ, ലിജി ഡെന്നീഷ്, ജൂനിയർ പബ്ലിക്‌ഹെൽത്ത് നഴ്‌സുമാരായ ത്രേസ്യാമ്മ ആന്റണി, പി.ജി. ബീന, ആശാവർക്കർ മീന ജോണി എന്നിവർ പ്രസംഗിച്ചു. ഷീന സെബാസ്റ്റ്യൻ, മെറ്റിൽഡ പോൾസൺ, കവിത ഉണ്ണി, ആൻസി രാജു തുടങ്ങിയവർ നേതൃത്വം നൽകി.

ആരോഗ്യദായകമായ ഗൃഹപാനീയങ്ങളുടെ മത്സരവും പ്രദർശനവും നടത്തി. ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി. അബ്ദുൽ കരീം ജലസുരക്ഷയെക്കുറിച്ച് മാജിക് അവതരിപ്പിച്ചു. ജനമൈത്രി പൊലീസിന്റെ സന്ദേശവും കുടുംബശ്രീ പ്രവർത്തകരുടെ ഗാനമേളയും ശ്രദ്ധേയമായി. ലോക ജലദിനാചരണവുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തേക്ക് സംഘടിപ്പിച്ച ക്യാമ്പിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ തുടരുമെന്ന് ജനറൽ കൺവീനർ പി.ജി. ആന്റണി പറഞ്ഞു.