malinayam
എം.സി റോഡിൽ മാറാടി പഞ്ചായത്തിലെ ഉന്നക്കുപ്പയിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കുന്നതിന്റെ ഉദ്ഘാടനം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: വനദിനത്തോടനുബന്ധിച്ച് എം.സി റോഡിൽ മാറാടി പഞ്ചായത്തിലെ ഉന്നക്കുപ്പവളവിൽ റോഡിന്റെ ഇരുവശങ്ങളിലുമായി യാത്രക്കാർ വലിച്ചെറിഞ്ഞ നൂറുകണക്കിന് മാലിന്യക്കിറ്റുകളും മദ്യകുപ്പികളും അടുക്കള മാലിന്യങ്ങളും ഉൾപ്പെടെയുള്ളവയുടെ കൂമ്പാരം നീക്കംചെയ്തു. മാറാടി ഗ്രാമപഞ്ചായത്തിന്റെയും ട്രീ പണ്ടപ്പിള്ളിയെന്ന പരിസ്ഥിതി കൂട്ടായ്മയുടേയും ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിന്റേയും ഭൂമിത്രസേന ക്ലബിന്റേയും സംയുക്താഭിമുഖ്യത്തിലാണ് മാലിന്യങ്ങൾ നീക്കംചെയ്തത്.

വനദിന പരിപാടിയും ശുചീകരണയജ്ഞവും ഡോ. മാത്യു കുഴൽ നാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഈ പ്രദേശത്ത് ഹൈമാസ്‌റ്റ് ലൈറ്റ്, മിനി പാർക്ക്, ടോയ്‌ലെറ്റ് സംവിധാനം ഉൾപ്പെടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാനും ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കി ടേക്ക് എ ബ്രേക്ക് കേന്ദ്രമാക്കും. സുരക്ഷയ്ക്കായി ഈസ്റ്റ് മാറാടി സ്‌കൂളിലെ വിദ്യാർത്ഥികളെയും വിവിധ രാഷ്ട്രീയ പാർട്ടികളിലെ യുവജനങ്ങളെയും നാട്ടുകാരെയും ഉൾപ്പെടുത്തി പൊലീസിംഗ് ഏർപ്പെടുത്തുമെന്നും എം.എൽ.എ അറിയിച്ചു. മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, പഞ്ചായത്ത് അംഗങ്ങളായ രതീഷ് ചങ്ങാലിമറ്റം, ജിബി മണ്ണത്തൂർക്കാരൻ, ട്രീ ചീഫ് കോ ഓർഡിനേറ്റർ അഡ്വ. ദീപു ജേക്കബ്, ജൂനിയർ കോ ഓർഡിനേറ്റർ എൽദോ ദീപു, പഞ്ചായത്ത് സെക്രട്ടറി അനിമോൾ കെ, അസിസ്റ്റന്റ് സെക്രട്ടറി ബിനോയി മത്തായി, സാബു ജോൺ, പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ അജയൻ എ.എ, പി.ടി..എ പ്രസിഡന്റ് സിനിജ സനിൽ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ.ആർ, ടി. പൗലോസ്, കൃഷ്ണപ്രിയ, അനിൽകുമാർ പി.ടി, മനോജ് കെ.വി, ഈസ്റ്റ് മാറാടി സ്‌കൂൾ വിദ്യാർത്ഥികൾ, ട്രീ പണ്ടപ്പിള്ളി കൂട്ടായ്മയിലെ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.