pandppilly
ജില്ലയിലെ ക്ഷീരവികസന വകുപ്പിന്റെ മികച്ച സംഘത്തിനുള്ള അവാർഡ് ക്ഷീരവികസനവകുപ്പ് മന്ത്രി ജെ .ചിഞ്ചുറാണിയിൽ നിന്ന് പണ്ടപ്പിള്ളി ക്ഷീരസംഘം പ്രസിഡന്റ് സി .എ .അബ്രാഹം, സെക്രട്ടറി പി.എസ്. ജോർജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: പണ്ടപ്പള്ളി ക്ഷീരോത്പാദക സംഘത്തിന്റെ പ്രവർത്തന മികവിന് ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും ലഭിച്ച അവാർഡുകൾക്ക് പുറമെ മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ എറണാകുളം സഹകരണ ക്ഷീരോത്പാദക യൂണിയന്റെ പ്രവർത്തന പരിധിയിലുള്ള ജില്ലയിലെ ക്ഷീരസംഘങ്ങളിൽ മികച്ച ക്ഷീരസംഘത്തിനുള്ള പ്രോത്സാഹന സമ്മാനവും കാഷ് അവാർഡും ലഭിച്ചു. ക്ഷീരവികസനവകുപ്പ് ജില്ലാതല ക്ഷീരസംഗമത്തിൽ ജില്ലയിലെ ഏറ്റവും മികച്ച ആപ്‌കോസ് സംഘത്തിനുള്ള അവാർഡും സംഘത്തിനാണ്.

എറണാകുളം മേഖലാ യൂണിയന്റെ ജില്ലയിലെ മികച്ച സംഘത്തിനുള്ള പ്രോത്സാഹനസമ്മാനം ചെയർമാൻ ജോൺ തെരുവത്തിൽ നിന്നും ക്ഷീരവികസന വകുപ്പിന്റെ എറണാകുളം ജില്ലയിലെ മികച്ച സംഘത്തിനുള്ള അവാർഡ് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ .ചിഞ്ചുറാണിയിൽനിന്നും പണ്ടപ്പിള്ളി ക്ഷീരസംഘം പ്രസിഡന്റ് സി.എ. അബ്രാഹം, സെക്രട്ടറി ജോർജ് പി .എസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീരസംഘത്തിനുള്ള സംസ്ഥാനതല അവാർഡ് ഉൾപ്പെടെ മുപ്പതിലേറെ അവാർഡുകൾ ഇതിനകം സംഘത്തിന് ലഭിച്ചിട്ടുണ്ട് .പാൽ സംഭരണത്തിൽ ബ്ലോക്ക് തലത്തിൽ ഒന്നാംസ്ഥാനവും ജില്ലാതലത്തിൽ മൂന്നാംസ്ഥാനവുമുണ്ട്. സംഘത്തിന്റെ പ്രവർത്തനമികവും ക്ഷീരകർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങളും സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് ലഭിച്ചിട്ടുള്ളത്. സംഘത്തിന്റെ മുഴുവൻ പ്രവർത്തനവും സോളാർപവർ പ്ലാന്റിലാണ് നടക്കുന്നത്. മിൽമ ഉത്പന്നങ്ങൾ ജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് മിൽമ ഷോപ്പിയും സംഘത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രസിഡന്റ് സി.എ. അബ്രാഹം പറഞ്ഞു.