social

ചോറ്റാനിക്കര: കെ-റെയിൽ സർവ്വേയ്ക്കെതിരെ ചോറ്റാനിക്കരയിൽ ഇന്നലെ ശക്തമായ പ്രതിഷേധം. രണ്ട് വട്ടം കല്ലിടാൻ ശ്രമിച്ചിട്ടും നടക്കാതെ ഉദ്യോഗസ്ഥർ പി​ന്മാറി​. ഇന്ന് രാവിലെ ഉദ്യോഗസ്ഥർ വീണ്ടും കല്ലിടാൻ എത്തും. അത് വലിയ സംഘർഷത്തിന് ഇടയാക്കിയേക്കും. അഡ്വ.അനൂപ് ജേക്കബ്‌ എം.എൽ.എ, കുന്നത്തുനാട് മുൻ എം.എൽ.എ വി.പി.സജീന്ദ്രൻ, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ, ജോൺസൺ കെ.തോമസ്, വേണു, റീസ് പുത്തൻവീട്ടിൽ, ജനകീയ സമിതി നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലായി​രുന്നു സമരം. രാവിലെ കല്ലിടാൻ എത്തിയ സർവ്വേ ഉദ്യോഗസ്ഥരെ സ്ത്രീകളും കുട്ടികളുമടക്കം ജനങ്ങൾ വളയുകയായിരുന്നു. സർവ്വേക്കല്ലുമായി എത്തിയ വണ്ടി അടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്തു. നൂറുകണക്കിന് ആളുകൾ സമരവേദിയിലേക്ക് എത്തിയിരുന്നു. സമീപത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ നിന്നും വൻ പൊലീസ് സന്നാഹവും ഉദ്യോഗസ്ഥരും എത്തിയിരുന്നെങ്കിലും സമരക്കാരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പിൻവാങ്ങുന്ന സ്ഥിതി ഉണ്ടായി. സമരക്കാർ ഉച്ചയോടെ പിരിഞ്ഞപ്പോൾ മൂന്നു മണിയോടുകൂടി വീണ്ടും ഉദ്യോഗസ്ഥർ പൊലീസ് അകമ്പടിയോടെ സർവ്വേയ്ക്ക് എത്തി. എന്നാൽ, ജനങ്ങളും സമരസമിതി നേതാക്കളും സംഘടിച്ച് എത്തി. തുടർന്ന് ഉദ്യോഗസ്ഥർക്കും വീണ്ടും പിൻവാങ്ങേണ്ടി വന്നു. ഇന്ന് രാവിലെ ഒമ്പതിന് ചോറ്റാനിക്കരയിൽ ജനകീയ സമിതിയുടെ യോഗം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.