
കൊച്ചി: വധഗൂഢാലോചന കേസ് പ്രതി നടൻ ദിലീപിന്റെ ഐ ഫോണുകളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്ത സൈബർ വിദഗ്ദ്ധനും തട്ടിപ്പു കേസ് പ്രതിയുമായ സായ് ശങ്കറിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. കോഴിക്കോട്, മലപ്പുറം തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് പരാതികളെത്തിയത്. വൻതുക തട്ടിയെന്നാണ് പരാതികളെല്ലാം.
സായ്ശങ്കറിന്റെ ഐ.ടി ബിസിനസ് വികസിപ്പിക്കാൻ കോഴിക്കോട് സ്വദേശി മിൽഹജിൽ നിന്ന് 45 ലക്ഷം രൂപ തട്ടിയെന്ന കേസിലും പൊലീസ് അന്വേഷണം ഊർജിതമാക്കി. ഈ പണം തിരികെ ചോദിച്ചപ്പോൾ വിഡിയോ കാൾ വിളിച്ച് കൈത്തോക്കു കാണിച്ചു ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു.
ചെന്നൈ വിമാനത്താവളത്തിലെ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥൻ തന്റെ അടുത്ത സുഹൃത്താണെന്നും ഡി.ആർ.ഐ പിടികൂടുന്ന കള്ളക്കടത്തു സാധനങ്ങൾ സ്വകാര്യ ലേലത്തിലൂടെ സ്വന്തമാക്കാൻ സഹായിക്കാമെന്നും പറഞ്ഞ് സായ്ശങ്കർ പണം വാങ്ങിയെന്നാണ് പരാതി.