നെടുമ്പാശേരി: ചെങ്ങമനാട് പാനായിത്തോട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ട് മുങ്ങിത്താണ ഒൻപതാംക്ലാസുകാരന്റെ ജീവന് ഓട്ടോഡ്രൈവർ തുണയായി. ചെങ്ങമനാട് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ പനയക്കടവ് പീടികപ്പറമ്പിൽ ഹൈദ്രോസിൻെറ മകൻ പി.എച്ച്. നിഷാദാണ് രക്ഷകനായത്.
ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി പുതുവാശേരി തേറുള്ളിവീട്ടിൽ സോനയുടെ മകൻ റിഷിനാണ് ഞായറാഴ്ച സന്ധ്യയോടെ ചെങ്ങൽത്തോടിന്റെ കൈവഴിയായ പാനായിത്തോട്ടിൽ അപകടത്തിൽപ്പെട്ടത്. സമീപത്തെ പാടത്ത് ഫുട്‌ബാൾ കളികഴിഞ്ഞ് കൂട്ടുകാർക്കൊപ്പമെത്തി കുളിക്കുന്നതിനിടെയാണ് സംഭവം.
പായലും ചണ്ടിയും കാട്ടുചെടികളും നിറഞ്ഞ തോട് ഏതാനും വർഷംമുമ്പ് യന്ത്രമുപയോഗിച്ച് ശുചീകരിച്ചിരുന്നു. ചെളിവാരി മാറ്റിയതിനാൽ ആഴക്കയങ്ങൾ രൂപംകൊണ്ടിരുന്നു. തോട്ടിലെ വെള്ളം രാസമാലിന്യം കലർന്ന് കിടക്കുന്നതിനാൽ നാട്ടുകാർ പുഴയിൽ ഇറങ്ങാറില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തോട്ടിൽ ജലവിതാനം ഉയർന്നിരുന്നു. പത്ത് അടിയിലേറെ ആഴമുള്ള തോട്ടിൽ നീന്തൽ അറിയാത്ത റിഷിൻ ആദ്യമായാണ് കുളിക്കാനിറങ്ങിയത്. റിഷിനും ചില കൂട്ടുകാരും കയത്തിൽപ്പെട്ടു. കൂട്ടുകാർക്ക് നിലയുള്ള ഭാഗത്ത് നിലയുറപ്പിക്കാനായെങ്കിലും കയത്തിൽ മുങ്ങിത്താണ റിഷിനെ രക്ഷിക്കാനാകാതെ വന്നതോടെ അവർ ബഹളം വയ്ക്കുകയായിരുന്നു. കടവിൽ വിശ്രമിക്കാനെത്തെിയ നിഷാദ് ഇതുകേട്ട് പുഴയിൽചാടി റിഷിനെ സാഹസികമായി രക്ഷപെടുത്തുകയായിരുന്നു. വെള്ളംകുടിച്ച് അവശനായ റിഷിനെ വെള്ളത്തിൽ നിന്നുയർത്തി തോളിലിട്ട് നീന്തി കരക്കയ്ക്കെത്തിച്ച നിഷാദ് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കുട്ടിയെ സുഹൃത്തിന്റെ കാറിൽ ആശുപത്രിയിൽ എത്തിച്ചു. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിഷിൻ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവമറിഞ്ഞതോടെ നിഷാദിന് അനുമോദന പ്രവാഹമാണ്.