 സൗന്ദര്യവത്കരിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു

കൊച്ചി: നാലാം ക്ലാസുകാരിയായ ആൻലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യക്കൂമ്പാരമായിരുന്ന എരൂർ കണിയാമ്പുഴയുടെ തീരം വൃത്തിയാക്കി സൗന്ദര്യവത്കരിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കണിയാമ്പുഴയുടെ തീരത്ത് ആൻലിനയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ കെ. ബാബു എം.എൽ.എയും ജില്ലാ കളക്ടർ ജാഫർ മാലിക്കും ചേർന്ന് ശുചീകരണയജ്ഞത്തിന് തുടക്കം കുറിച്ചു. ഈ ഭാഗത്ത് പൂച്ചെടികൾ വച്ചുപിടിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

മാലിന്യപ്രശ്നം നിയമം മൂലം നിരോധിക്കുന്നതിന് ഉപരിയായി ജനങ്ങൾ എപ്പോഴും ഉണർന്നു പ്രവർത്തിക്കുകയും എപ്പോഴും കണ്ണ് തുറന്നിരിക്കുകയും ചെയ്താൽ മാത്രമേ പരിഹാരമാകൂവെന്ന് കെ.ബാബു എം.എൽ.എ പറഞ്ഞു.

കൊച്ചി നേവൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ആൻലിനയുടെ പരാതിയാണ് കണിയാമ്പുഴയെ വീണ്ടെടുക്കുന്നതിലേക്ക് നയിച്ചത്. സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആൻലീന ചിത്രങ്ങൾ സഹിതം മുഖ്യമന്ത്രിക്ക് പരാതി അയക്കുകയായിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി കളക്ടറെ ചുമതലപ്പെടുത്തി. ശുചീകരണ പ്രവർത്തനം നടത്തിയതുകൊണ്ട് മാത്രം മാലിന്യപ്രശ്നം അവസാനിക്കുകയില്ലെന്ന് വ്യക്തമായതോടെയാണ് പ്രദേശം വൃത്തിയാക്കി പൂച്ചെടികൾ നട്ടുവളർത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെയാണ് ഇതിനുവേണ്ട പ്രവർത്തനങ്ങൾ നടക്കുക.
ശുചീകരണ യജ്ഞത്തിൽ തൃപ്പൂണിത്തുറ നഗരസഭ അദ്ധ്യക്ഷ രമ സന്തോഷ്, കെ.കെ. പ്രദീപ് കുമാർ, സി.എ ബെന്നി, ബിന്ദു ശൈലേന്ദ്രൻ, അഖിൽ ദാസ്, ടി. സന്ധ്യ, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ നോഡൽ ഓഫീസർ എൽദോ ജോസഫ്, തൃപ്പൂണിത്തറ നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനു, കൊച്ചി നേവൽ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.