df

കൊച്ചി: കൊച്ചിയിലെ കൊറിയർ ലഹരിക്കേസ് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദേശ ബന്ധമുൾപ്പെടെയുള്ള കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. കേന്ദ്ര അന്വേഷണ ഏജൻസിക്ക് കേസ് കൈമാറുന്നത് പരിഗണയിലുണ്ടായിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടേയെന്ന് എക്സൈസ് കമ്മിഷണർ നി‌ർദ്ദേശിക്കുകയായിരുന്നു. രണ്ട് ദിവസത്തിനകം കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. അതേസമയം, കൊച്ചി ഫോറിൻ തപാൽ ഓഫീസ് വഴി നടന്ന ലക്ഷങ്ങളുടെ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചത് ബിറ്റ് കോയിനാണെന്ന് എക്സൈസ് കണ്ടെത്തി. രഹസ്യശൃംഖലയായ 'ഡാർക്ക് വെബ്' വഴിവഴിനടന്ന ഇടപാട് എത്ര രൂപയുടേതെന്ന് വ്യക്തമല്ല. പിടിച്ചെടുത്ത പ്രതികളുടെ മൊബൈൽ ഫോണുകൾ വിശദമായി പരിശോധിച്ച് ഇടപാട് പുറത്തുകൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് എക്സൈസ്. കഴിഞ്ഞ ബുധനാഴ്ചയാണ് കൊച്ചിൻ ഫോറിൻ തപാൽ ഓഫീസ് വഴി ലക്ഷങ്ങളുടെ മയക്കുമരുന്ന് എത്തിച്ച കോഴിക്കോട് മാങ്കാവ് സ്വദേശി കെ. ഫസലും, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ആദിത്യനും (23)അറസ്റ്റിലായത്. നെതർലൻഡ്‌സ്, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇവർ ലഹരിമരുന്ന് പാഴ്‌സലായി എത്തിച്ചത്. കോഴിക്കോട് നടത്തിയ റെയ്ഡിൽ 82 എൽ.എസ്.ഡി സ്റ്റാമ്പും ഒന്നേകാൽ കിലോ ഹാഷിഷ് ഓയിലും മൂന്ന് ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു.

 മയക്കുമരുന്ന് വരവ്

സ്‌പെയിൻ

നെതർലാൻഡ്സ്

ഖത്തർ

ഇറ്റലി

ദുബായ്

ഒമാൻ

 എത്തിക്കുന്നത്

കൊക്കെയ്ൻ

ബ്രൗൺ ഷുഗർ

എൽ.എസ്.ഡി

എം.ഡി.എം.എ

ഫോറിൻ സിഗരറ്റ്

 പരിശോധന കടുപ്പിച്ചു

ഫോറിൻ താപാൽ ഓഫീസിൽ പരിശോധന ശക്തമാക്കി. എൽ.എസ്.ഡി സ്റ്രാമ്പുകൾ പിടികൂടിയതിന് പിന്നാലെ നിരവധി ആരോപണങ്ങൾ ഉയ‌ർന്നിരുന്നു. ഇതോടെയാണ് പരിശോധന കടുപ്പിച്ചത്. നേരത്തെ സംശയം തോന്നുന്ന പാഴ്‌സലുകൾ കസ്റ്റംസ് മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നത്. ഇങ്ങനെ 100 ലധികം പാഴ്‌സലുകൾ കൊച്ചിയിൽ മാറ്റി വച്ചിട്ടുണ്ടെന്നാണ് വിവരം.

 ബിറ്റ് കോയിൻ

അത്യാധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിൻ ഉപയോഗിച്ച് നി‌ർമ്മിക്കുന്ന സാങ്ക‌ൽപ്പിക നാണയങ്ങളാണ് ക്രിപ്റ്റോ കറൻസികൾ. ഇതിൽ ഏറ്റവും പ്രചാരമുള്ളതാണ് ബിറ്റ് കോയിൻ. ആധുനികകാല നിക്ഷേപമാണെങ്കിലും സുരക്ഷിതമല്ലെന്ന് കണ്ട് ഒട്ടേറെ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്രിപ്റ്റോ ഇടപാടുകളിൽ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെയും ആ‌ർ.ബി.ഐയുടേയും നി‌ർദ്ദേശം. എന്നാൽ മയക്കുമരുന്നുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ക്രിപ്റ്റോ കറൻസികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡാർക്ക് വെബ്ബാണ് പ്രധാനയിടം.

 സമഗ്രമായ അന്വേഷണം ആവശ്യമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

വി. ടെനിമോൻ

അസി. എക്സൈസ് കമ്മിഷണ‌‌‌ർ

എക്സൈസ്, എറണാകുളം