df

തേങ്ങയ്ക്കും പോത്തിൻകുട്ടിക്കുമായി ജില്ലാ പഞ്ചായത്ത് തമിഴ്നാട്ടിലേക്ക്

കൊച്ചി: കേരം തിങ്ങും കേരളനാട്ടിൽ അരിച്ചുപെറുക്കിയിട്ടും 50,000 വിത്തുതേങ്ങ കിട്ടാനില്ല. അതിനാൽ, തമിഴ്നാട്ടിൽ നിന്ന് തെങ്ങിൻതൈ വാങ്ങി കർഷകർക്ക് വിതരണം ചെയ്യാൻ അനുവദിക്കണം. ഓഹോ..! അങ്ങനെയെങ്കിൽ അനുമതി തന്നിരിക്കുന്നു.

അപേക്ഷകർ എറണാകുളം ജില്ലാ പഞ്ചായത്തും അനുമതി നൽകിയത് കേരളത്തിലെ തദ്ദേശഭരണ വകുപ്പുമാണ്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന 'സമഗ്രകാർഷിക പാക്കേജ് - കേരഗ്രാമം തെങ്ങുകൃഷി വികസനം' എന്ന പദ്ധതിക്കായാണ് തെങ്ങിൻതൈ.

സംസ്ഥാനത്ത് പ്രതിവർഷം 4814 ദശലക്ഷം തേങ്ങ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ടുമെന്റ് പറയുന്നു. കാർഷിക സർവകലാശാലയുടെയും കൃഷിവകുപ്പിന്റെയും അംഗീകാരമുള്ള നിരവധി നഴ്സറികളും ലക്ഷക്കണക്കിന് തെങ്ങിൻതൈ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. എന്നിട്ടും ജില്ലാ പഞ്ചായത്ത് കിണഞ്ഞ് പരിശ്രമിച്ചിട്ടും വിത്തുതേങ്ങയുമില്ല, തെങ്ങിൻതൈയ്യുമില്ല!

മാർച്ച് 31നകം പദ്ധതി പൂർത്തിയാക്കണമെങ്കിൽ തമിഴ്നാട്ടിൽ നിന്ന് തെങ്ങിൻതൈ വാങ്ങി വിതരണം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തദ്ദേശഭരണ വകുപ്പിന്റെ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയെ സമീപിച്ചത്. മാർച്ച് 11ന് ചേർന്ന കമ്മിറ്റി ജില്ലാ പഞ്ചായത്തിന്റെ ആവശ്യം അടിയന്തര പ്രാധാന്യത്തോടെ അംഗീകരിച്ചു.

 പോത്തിൻകുട്ടിക്കും തമിഴ്നാട്

ഈ വർഷം നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ 'ബഫല്ലോ പാർക്ക്' തുടങ്ങാൻ 100 പോത്തിൻകുട്ടികളെ വാങ്ങാനും ജില്ലാ പഞ്ചായത്തിന് പദ്ധതിയുണ്ട്. അതിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കേരളത്തിൽ ഗുണനിലവാരമുള്ള പോത്തിൻകുട്ടികളെ കിട്ടാനില്ലാത്തതുകൊണ്ട് തമിഴ്നാട്ടിൽ നിന്ന് വാങ്ങാൻ കോ-ഓർഡിനേഷൻ കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്.

 കാർഷിക സ‌‌ർവകലാശാല പറയുന്നത്

മുൻകൂട്ടി അറിയിച്ചാൽ എത്ര തൈ വേണമെങ്കിലും ഉത്പാദിപ്പിപ്പിച്ച് നൽകാം. സർവകലാശാലയുടെ നാളികേര വികസന വിഭാഗം പ്രതിവർഷം 15,000 തെങ്ങിൻ തൈകൾ കൃഷിവകുപ്പിന് നൽകുന്നുണ്ട്. ഫെബ്രുവരിയിലാണ് വിത്തുതേങ്ങ സംഭരിക്കുന്നത്. ഒന്നര വർഷം കൊണ്ട് തൈ നടാൻ പാകമാകും.

 കേരളത്തിൽ ഗുണനിലവാരമുള്ള വിത്തുതേങ്ങയും പോത്തിൻകിടാക്കളെയും കിട്ടാനില്ല. കുറിയ തെങ്ങുകൾ വളർത്താനാണ് പദ്ധതി. ഇതിനുവേണ്ടി 35 ലക്ഷം രൂപയുടെ പദ്ധതിയാണ് ഈ വർഷം നടപ്പാക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ അനുമതി ലഭിച്ച സ്ഥിതിക്ക് പൊള്ളാച്ചിയിൽ നിന്ന് തെങ്ങിൻതൈ വാങ്ങി വിതരണം ചെയ്യാനാണ് തീരുമാനം.

ഉല്ലാസ് തോമസ്, പ്രസിഡന്റ്, എറണാകുളം ജില്ലാ പഞ്ചായത്ത്