കൊച്ചി: മൂന്ന് വർഷത്തിനകം രാജ്യമാകെ സംഘപ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആർ.എസ്.എസ് കേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ പറഞ്ഞു. ഗുജറാത്തിലെ കർണാവതിയിൽ നടന്ന ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയിലെ തീരുമാനങ്ങളും ലക്ഷ്യങ്ങളും വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നിലവിലുള്ള 55,000 പ്രവർത്തന കേന്ദ്രങ്ങൾ ഒരു ലക്ഷമാക്കും. കേരളത്തിൽ 500 പൂർണ സംഘമണ്ഡലങ്ങളാണ് ലക്ഷ്യം. സംഘത്തിന്റെ ശതാബ്ദിയായ 2025 ലക്ഷ്യം വച്ചുള്ള സംഘടനാവികാസ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ അഞ്ച് സംഘ ശിക്ഷാവർഗുകളടക്കം രാജ്യത്ത് 104 സംഘ ശിക്ഷാവർഗുകൾ സംഘടിപ്പിക്കും. മേയ്, സെപ്തംബർ മാസങ്ങളിൽ തൃശൂർ ചേർപ്പിൽ നടക്കുന്ന സംഘ ശിക്ഷാവർഗിൽ സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുക്കും.

സംഘടനാപരമായി ശക്തി സമാഹരിക്കുകയാണ് ആർ.എസ്.എസിന്റെ ലക്ഷ്യം.രാഷ്‌ട്രീയകാര്യങ്ങളിൽ ഇടപെടാറില്ല. ജനസംഖ്യാപരമായ പ്രത്യേകതകളും മറ്റു രാഷ്‌ട്രീയ പാർട്ടികളുടെ സ്വാധീനവും മൂലമാവാം ബി.ജെ.പിക്ക് കേരളത്തിൽ വേണ്ടത്ര മുന്നേറ്റം നടത്താൻ കഴിയാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ നിയമങ്ങൾ അനുസരിക്കാനുള്ള പൗരബോധം എല്ലാവർക്കുമുണ്ടാകണമെന്നും നിലനിൽക്കുന്ന നിയമങ്ങളാണ് നടപ്പാകേണ്ടതെന്നും ഹിജാബ് വിഷയത്തിൽ പി.എൻ. ഈശ്വരൻ വ്യക്തമാക്കി.
ആർ.എസ് .എസ് പ്രവർത്തനങ്ങളിൽ കൂടുതൽ യുവാക്കൾ ആകൃഷ്ടരാകുന്നതായി പ്രതിനിധി സഭയിൽ അവതരിപ്പിച്ച കണക്കുകൾ തെളിയിക്കുന്നു. 6506 ഖണ്ഡുകളിൽ 84 ശതമാനത്തിലും ശാഖകളുണ്ട്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ എല്ലാ മണ്ഡലങ്ങളിലും ശാഖകളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.