കോലഞ്ചേരി: ഭക്ഷണ, പാനീയ വില്പനകേന്ദ്രങ്ങളിൽ ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഹെൽത്തി കേരള പരിപാടി അനുസരിച്ച് പൂതൃക്ക ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി. കോലഞ്ചേരി, മീമ്പാറ, കക്കാട്ടുപാറ, പുതുപ്പനം, പാറെക്കാട്ടിക്കവല എന്നിവിടങ്ങളിലെ ഹോട്ടൽ, ബേക്കറി ഉൾപ്പെടെ 18 സ്ഥാപനങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. രോഗാണു സംക്രമണ സാദ്ധ്യതയ്ക്കിടയാക്കുന്ന തരത്തിൽ ഭക്ഷണം കൈകാര്യം ചെയ്തതിനും ചീഞ്ഞഴുകിയ പഴവർഗങ്ങൾ ജ്യൂസ് നിർമ്മാണത്തിനായി സൂക്ഷിച്ചതിനും പാചകശാലയിൽനിന്ന് നാളുകളായി മാലിന്യങ്ങൾ നീക്കംചെയ്യാത്തതിനും തുറസായ സ്ഥലത്തേക്ക് മാലിന്യം ഒഴുക്കിയതിനും ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഭക്ഷണം കൈകാര്യം ചെയ്യുന്നതിന്ചുമതലപ്പെടുത്തിയിരുന്ന ഹെൽത്ത് കാർഡില്ലാത്ത അഞ്ച് ജീവനക്കാരുടെ സേവനം വിലക്കി.
നോട്ടീസ് കാലാവധിക്കുശേഷം തുടർപരിശോധനയിൽ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിയുണ്ടാവും.
പുകയിലനിയമം അഞ്ചുപേർക്ക് പിഴ
ഭക്ഷണശാലയിൽ പുകവലിക്കുന്നതായി കണ്ടെത്തിയ മൂന്നുപേർക്കെതിരെയും സ്ഥാപനത്തിൽ നിയമാനുസൃതമുള്ള പുകയില ഹിത ബോർഡ് പ്രദർശിപ്പിക്കാതിരിക്കുക, പൊതുസ്ഥലത്തു പുകവലി പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ലൈറ്റർ സൗകര്യമൊരുക്കുക എന്നീ കുറ്റങ്ങൾക്ക് രണ്ട് സ്ഥാപനങ്ങൾക്കെതിരെയും കോട്പ നിയമപ്രകാരം പിഴയിട്ടു. പൂതൃക്ക ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി. എ. സതീഷ്‌കുമാർ, എസ്. നവാസ്, കെ.കെ. സജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഏകീകൃത പബ്ലിക് ഹെൽത്ത് ഓർഡിനൻസ് പരിശോധനകൾക്ക് കരുത്തായി. തുടക്കത്തിൽ ഓർഡിനൻസ് പ്രകാരം പൊതുജനാരോഗ്യ കുറ്റങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന്റെ ചുമതലയിൽ അവ്യക്തത ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ ഒരുവർഷം ഉദ്യോഗസ്ഥരുടെ ആരോഗ്യപരിശോധനകൾ മന്ദഗതിയിലായിരുന്നു. എന്നാൽ ജില്ലാ മെഡിക്കൽ ഓഫീസുകളിൽ നിന്ന് ഇക്കാര്യത്തിൽ വ്യക്തമായ നിർദ്ദേശങ്ങളടങ്ങിയ ഉത്തരവ് ഈയിടെ പുറപ്പെടുവിച്ചതോടെ ഹെൽത്ത് ഇൻസ്‌പെക്ടർ വിഭാഗത്തിന്റെ പൊതുജനാരോഗ്യ സേവനപ്രവർത്തനങ്ങൾക്ക് വേഗംകൂട്ടി.