മരട്: നെട്ടൂർ പ്രൈമറി ഹെൽത്ത് സെന്ററിനടുത്തുള്ള വീടുകളിലെ വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പുകളിൽ ലഭിക്കുന്നത് കലക്കവെള്ളം. ഇതുമൂലം ഇവിടങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിലൂടെയുള്ള തീരദേശ പി.ഡബ്ല്യു.ഡി റോഡിലൂടെ വൈദ്യുതി കേബിൾ വലിക്കുന്ന സമയത്ത് പല ഭാഗങ്ങളിലും കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന സ്ഥിതി ഉണ്ടായിരുന്നു. റോഡിലൂടെ ചെളിവെള്ളം നിറഞ്ഞ് ഒഴുകിയിരുന്നു. പൈപ്പുകൾ നന്നാക്കിയെങ്കിലും മലിനജലമാണ് പൈപ്പിലൂടെ വരുന്നത്. ശുദ്ധജലം കിട്ടാത്തതു മൂലം നിരവധി കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. അടിയന്തരമായി പരിഹാരം ഉണ്ടാക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.