പള്ളുരുത്തി:ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബഡ്ജറ്റ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബി പനക്കൽ അവതരിപ്പിച്ചു. പ്രസിഡന്റ് ബേബി തമ്പി അദ്ധ്യക്ഷനായി. 18.27 കോടി രൂപ വരവും 18.22 കോടി രൂപ ചെലവും വച്ചാണ് ബഡ്ജറ്റിലെ ജനക്ഷേമ-വികസന പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കുമ്പളങ്ങി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങാൻ 4 ലക്ഷം, കിഡ്നി രോഗികൾക്ക് മരുന്ന് നൽകാൻ 10 ലക്ഷം, 3 പഞ്ചായത്തുകളിലും സ്പീച്ച് തെറാപ്പി മൊബൈൽ ക്ലിനിക്കുകൾ ആരംഭിക്കാൻ 5 ലക്ഷം എന്നിങ്ങനെ പുതുതായി ബഡ്ജറ്റിൽ വകയിരുത്തി. സെക്കൻഡറി പാലിയേറ്റീവ്, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, നഴ്സുമാർ എന്നിവരുടെ നിയമനം, കോൺഫറൻസ് ഹാൾ നിർമ്മാണം എന്നിവയ്ക്കായി 36 ലക്ഷം രൂപ കൂടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിനായി മാറ്റിവച്ചു. വനിതകൾക്ക് പുതിയ ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിനും പരിശീലനം നൽകുന്നതിനുമായി 16 ലക്ഷവും ക്ഷീരമേഖലയിൽ വനിതളെ സഹായിക്കാൻ 5 ലക്ഷവും വകയിരുത്തി. വൃദ്ധജനങ്ങൾക്ക് പകൽവീടിലൂടെ സഹായമെത്തിക്കാൻ 6 ലക്ഷവും മെഡിക്കൽ ക്യാമ്പ് നടത്തി ഉപകരണങ്ങൾ നൽകാൻ 3 ലക്ഷവും അനുവദിച്ചു. ഭിന്നശേഷിക്കാരായ വൃദ്ധജനങ്ങൾക്ക് ഇലക്ട്രിക് സ്കൂട്ടറും ഇലക്ട്രിക് വീൽ ചെയറുകളും വാങ്ങിനൽകുന്നതിനായി 7.50 ലക്ഷം മാറ്റി വച്ചു. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പ് നൽകാൻ 12 ലക്ഷവും ബഡ്സ് സ്കൂളുകൾക്ക് 5 ലക്ഷവും അങ്കണവാടികളിലേക്ക് പോഷകാഹാരം നൽകുന്നതിന് 3 ലക്ഷവും മെഡിക്കൽ ക്യാമ്പ് നടത്തി ഉപകരണങ്ങൾ നൽകാൻ 3 ലക്ഷവും വകയിരുത്തി.