പറവൂർ: കാർഷികമേഖലയുടെ വളർച്ചയ്ക്കും മാലിന്യനിർമ്മാർജനത്തിനും ഊന്നൽ നൽകി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് പി.പി. അരൂഷ് അവതരിപ്പിച്ചു. 29.13 കോടി വരവും, 28.83കോടി ചെലവും പ്രതീക്ഷിക്കുന്നു. എല്ലാ വീടുകളിലും തരിശുഭൂമികളിലും മരങ്ങൾ വെച്ചുപിടിപ്പിച്ച് ഭാവിക്കൊരു കുടമരം പദ്ധതി നടപ്പാക്കും. പതിനെട്ട് വാർഡുകളിലും ജൈവപച്ചക്കറികൾ ഉത്പാദിപ്പിക്കും. ഒരിനം വിളസമൃദ്ധി പദ്ധതിയിലൂടെ എല്ലാവാർഡിലും കാർഷിക കൂട്ടായ്മകൾ രൂപീകരിക്കും. എല്ലാവാർഡുകളിലും ഹരിതകർമ്മസേന രൂപീകരിക്കും. വെള്ളക്കെട്ട് പരിഹരിക്കാൻ കൈത്തോടുകൾ മാലിന്യമുക്തമാക്കി ആഴംകൂട്ടി നവീകരിക്കും. വയോജനങ്ങൾക്ക് ആഴ്ചയിൽ ഒരുദിവസം മുട്ടയും പാലും നൽകും. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് വിവിധ പദ്ധതികൾക്കായി 63.57ലക്ഷം രൂപയും വനിതാശിശുക്ഷേമത്തിനും അങ്കണവാടികളുടെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്കും തുക വകയിരുത്തി. പഞ്ചായത്ത് ഓഫീസ്, ഹോമിയോ ഡിസ്പെൻസറി കെട്ടിടങ്ങൾ നിർമ്മിക്കും. പരമ്പരാഗത കൈത്തൊഴിൽ, കൈത്തറി, കയർ എന്നിവയുടെ വിപണന പ്രോത്സാഹനത്തിന് വിവിധ പദ്ധതികൾ നടപ്പാക്കും. തൊഴിൽരഹിതവേതനം, വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായം, വിവിധ ക്ഷേമപെൻഷനുകൾ എന്നിവയ്ക്കായി 8.75 കോടി വകയിരുത്തി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.