ആലുവ: ജില്ലാ മുസ്ളിംജമാഅത്ത് കൗൺസിൽ ജില്ലാ മഹല്ല് സംഗമവും ഉലമാ ഉമറാ സമ്മേളനവും 24ന് രാവിലെ ഒമ്പതുമുതൽ തോട്ടുംമുഖം എൻ.കെ. ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ അബ്ദുസമദ് സമദാനി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് ടി.എ. അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിക്കും. ദാറുൽ ഹുദ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ബഹവുദ്ധീൻ നദ്‌വി മുഖ്യാതിഥിയാകും. മഹല്ല് വാർത്ത സ്‌പെഷ്യൽ പതിപ്പ് പ്രകാശനം അൻവർ സാദത്ത് എം.എൽ.എ മുൻ എം.എൽ.എ എ.എം. യൂസഫിന് നൽകി നിർവഹിക്കും. കോളേജ് ലൈബ്രറികൾക്കുള്ള പുസ്തകവിതരണം പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ നിർവഹിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ ഇസ്ലാമിക് സൈക്കോളജി കൗൺസലിംഗ് കോഴ്‌സിൽ വിജയിച്ച മഹല്ല് ഇമാമുമാരെ അഡ്വ. ടി പി എം ഇബ്രാഹിംഖാൻ ആദരിക്കും. മഹല്ല് ശാക്തീകരണത്തിനുള്ള കർമ്മപരിപാടികൾ ഓണമ്പിള്ളി അബ്ദുസലാം ബാഖവി അവതരിപ്പിക്കും.