dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാന ഘട്ടത്തിലേക്ക് അടുക്കവെ, എട്ടാം പ്രതി നടൻ ദിലീപിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. വ്യാഴാഴ്ച കളമശേരി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കി​ലും ദി​ലീപ് അസൗകര്യം അറി​യി​ച്ചു. തി​ങ്കളാഴ്ച ഹാജരായേക്കുമെന്നാണ് സൂചന. തുടരന്വേഷണത്തിൽ ലഭി​ച്ച നിർണായക വിവരങ്ങൾ നിരത്തി അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ.

സായ് ശങ്കറിന്റെ സഹായത്തോടെ ദിലീപ് ഫോണിൽ നിന്ന് നീക്കം ചെയ്ത 12 ചാറ്റുകളുടെ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിൽ സിനിമാ-സീരിയൽ രംഗത്തുള്ള രണ്ട് തി​രുവനന്തപുരം സ്വദേശി​നി​കളെ ക്രൈംബ്രാഞ്ച് അവി​ടെയെത്തി​ ചോദ്യം ചെയ്തു. ഇരുവരും ദിലീപുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് സംശയി​ക്കുന്നു. രണ്ട് മാസം മുമ്പാരംഭി​ച്ച തുടരന്വേഷണം ഏപ്രിൽ 14ന് പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നി‌ർദ്ദേശം. അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നേരത്തെ മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. സായ്ശങ്കറിനായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയി​ട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തീർപ്പാക്കിയിരുന്നു.