ആലുവ: ആലുവ നഗരസഭയുടെ അലംഭാവമാണ് ശിവരാത്രി മണപ്പുറത്ത് സാമൂഹിക വിരുദ്ധർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയതെന്ന് ആക്ഷേപം. ഇതിന്റെ തുടർച്ചയാണ് ഇന്നലെ മണപ്പുറത്ത് കൊലപാതകത്തിന് വഴിവെച്ചത്.
ജില്ലാ ഭരണകൂടം കർശനനിർദ്ദേശം നൽകിയിട്ടും അനധികൃതമായിട്ടാണ് മണപ്പുറത്ത് കച്ചവടത്തിന് നഗരസഭ അനുമതി നൽകിയത്. ദേവസ്വംബോർഡ് സ്ഥലത്ത് മാർച്ച് ഒന്നിന് നടന്ന ശിവരാത്രിയുമായി ബന്ധപ്പെട്ട് നാലുദിവസം മാത്രം അനുമതി നൽകിയപ്പോൾ റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃതമായി ആഴ്ചകളോളം അമ്പതിലേറെ സ്റ്റാളുകളിൽ കച്ചവടം നടക്കുകയായിരുന്നു. ശിവരാത്രിദിവസം അനധികൃതമായി കച്ചവടത്തിനെത്തി ഷെഡ് കെട്ടിയവരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കാതെ നഗരസഭ ആരോഗ്യവിഭാഗം ഇവരിൽനിന്ന് ലൈസൻസ് ഫീസ് പിരിച്ച് അംഗീകാരം നൽകുകയായിരുന്നു. ഇതിന് പുറമെ രേഖകളില്ലാതെയും പണം പിരിച്ചതായും ആരോപണമുണ്ട്.
കച്ചവടക്കാരെ ഒഴിപ്പിക്കാതെ നഗരസഭ
മൂന്നാഴ്ച പിന്നിട്ടിട്ടും കച്ചവടക്കാരെ ഒഴിപ്പിക്കാനും നഗരസഭ തയ്യാറായില്ല. ഇത് കച്ചവടക്കാരിലെ സാമൂഹിക വിരുദ്ധർക്ക് സൗകര്യമായി. പകൽ സമയങ്ങളിൽ മദ്യപാനവും മറ്റ് സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളും മണപ്പുറത്ത് നടക്കുന്നുണ്ടെന്ന് പരിസരവാസികൾ ആരോപിക്കുന്നു. പകൽ സമയങ്ങളിൽ മണപ്പുറത്ത് കടവിലും ക്ഷേത്ര പരിസരത്തും മാത്രമാണ് ആളുകളുണ്ടാകുക. മറ്റ് സ്ഥലങ്ങളെല്ലാം കാലിയായിരിക്കും. ഈ സൗകര്യം ഉപയോഗിച്ചാണ് ഇവിടെ മദ്യപാനവും ലഹരി ഉപയോഗവും മറ്റും നടത്തിയിരുന്നത്. ദേവസ്വം ബോർഡിന്റെ സ്ഥലത്തുനിന്ന് കച്ചവടക്കാർ ഒഴിയാൻ വിമുഖത കാണിച്ചെങ്കിലും ഉദ്യോഗസ്ഥർ കർശന നിലപാട് സ്വീകരിച്ചപ്പോൾ പിൻമാറുകയായിരുന്നു. ഇത്തരത്തിൽ ഫീസ് പിരിച്ച നഗരസഭ നടപടി സ്വീകരിക്കാതിരുന്നതാണ് മണപ്പുറത്തെ സംഘർഷത്തിന് വഴിയൊരുക്കിയത്.
ശിവരാത്രി കഴിഞ്ഞിട്ടും മണപ്പുറത്തുനിന്ന് പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കംചെയ്യാത്തത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് ദേവസ്വംബോർഡ് സ്വന്തം സ്ഥലത്തെ ശുചീകരണം പൂർത്തിയാക്കി. എന്നാൽ നഗരസഭ ഇപ്പോഴും അനങ്ങിയിരുന്നില്ല.
മണപ്പുറത്തെ കച്ചവടക്കാർ മദ്യലഹരിയിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് വടുതലയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ദിലീപാണ് (45) മരിച്ചത്. മണപ്പുറത്ത് കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശി മാളിയേക്കൽ സലീം (65), ദിലീപിന്റെ ബന്ധു കടവന്ത്ര ഉദയനഗർ കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന രാജ്കുമാർ (രാജു - 50) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.