photo
നവീകരിച്ച മുരിക്കുംപാടം ജെട്ടി റോഡിന്റെ ഉദ്ഘാടനം അഡ്വ.ഡോൾഗോവ് നിർവഹിക്കുന്നു

വൈപ്പിൻ: നാലുപതിറ്റാണ്ടുമുമ്പുവരെ വൈപ്പിൻദ്വീപിലെ ഏറ്റവും തിരക്കേറിയ ജെട്ടിയായിരുന്ന മുരിക്കുംപാടം തി​രി​ച്ചുവരവി​നൊരുങ്ങി​ കാത്തി​രി​ക്കുന്നു. സംസ്ഥാനപാതയുടെ തൊട്ടരികെയുള്ള ജെട്ടിയിൽനിന്നാണ് ദ്വീപിലെ ജനങ്ങൾ ബോട്ടുമാർഗം എറണാകുളത്തേക്ക് പോയിരുന്നത്. കേരളകുമാരി, കോമളകുമാരി, ജലജ, ഗായത്രി, ഗംഗ, കാവേരി തുടങ്ങിയ കെ.എസ്.ആർ.ടി.സി ബോട്ടുകൾ നിറഞ്ഞുകവിഞ്ഞാണ് മുരിക്കുംപാടത്തുനിന്ന് എറണാകുളത്തേക്കും തിരിച്ചും സർവീസ് നടത്തിയിരുന്നത്. അക്കാലത്ത് ദ്വീപിന്റെ തെക്കേഅറ്റത്തുള്ള ഫോർട്ട് വൈപ്പിനിൽനിന്ന് ഫോർട്ടുകൊച്ചിയിലേക്ക് മാത്രമാണ് സർവീസ് നടത്തിയിരുന്നത്.

കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ( കിൻകോ) ഫെറി സർവീസിനിറങ്ങിയതോടെ അവരുടെ ബോട്ടുകൾ വൈപ്പിനിൽ നിന്നാക്കി. ഇതോടെ കിൻകോ ജെട്ടിയുടെ വടക്കുവശത്ത് കെ.എസ്.ആർ.ടി.സി ജെട്ടി സ്ഥാപിച്ച് സർവീസ് വൈപ്പിനിലേക്ക് മാറ്റി. ഇത്രയുമായപ്പോൾ മുരിക്കുംപാടം ജെട്ടി വിജനമായി. ജെട്ടി പരിസരം ഓട്ടോറിക്ഷ സ്റ്റാൻഡായി മാറി. പ്രാധാന്യം കുറഞ്ഞതോടെ പഞ്ചായത്തും ജനപ്രതിനിധികളുമെല്ലാം മുരിക്കുംപാടം ജെട്ടിയെ അവഗണിച്ചു. ജെട്ടിയും ജെട്ടിറോഡും തകർച്ചയിലെത്തി.

സമീപകാലത്ത് ഇവിടത്തെ പഞ്ചായത്ത് മെമ്പർ അഡ്വ. ഡോൾഗോവ് മുൻകൈയെടുത്ത് ജെട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുവാൻ ശ്രമങ്ങൾ നടത്തി. റോഡിലെ വെള്ളമൊഴുകിപ്പോകാൻ കാനനിർമ്മിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കി ടൈൽ വിരിച്ചു. തെരുവ് വിളക്കുകളും സ്ഥാപിച്ചു. നവീകരിച്ച ജെട്ടിറോഡിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം അഡ്വ.ഡോൾഗോവ് നിർവഹിച്ചു. റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ഓട്ടോ ഡ്രൈവർമാരുടെ നേതാക്കളും പങ്കെടുത്തു.

ഉടനെ ആരംഭിക്കാൻ പോകുന്ന വാട്ടർ മെട്രോ സർവീസ് വൈപ്പിൻ ജെട്ടിയിൽ അവസാനിപ്പിക്കാതെ മുരിക്കുംപാടം വരെ നീട്ടണമെന്നാണ് തദ്ദേശവാസികൾ ആവശ്യപ്പെടുന്നത്. റോറോ സർവീസ്, ബസ്‌സ്റ്റാൻഡ്, വിവിധ സർക്കാർ ഓഫീസുകൾ എന്നിവ കൊണ്ട് ഇപ്പോൾത്തന്നെ വീർപ്പ് മുട്ടുന്ന വൈപ്പിനിലേക്ക് വടക്കൻ മേഖലയിൽനിന്നും വരുന്നവരെ ഒഴിവാക്കാൻ മുരിക്കുംപാടംജെട്ടിവരെ വാട്ടർമെട്രോനീട്ടി മുരിക്കുംപാടത്ത് മെട്രോബോട്ട് സ്റ്റേഷൻ സ്ഥാപിക്കണം. 40 വർഷം മുൻപ് നഷ്ടപ്പെട്ട മുരിക്കുംപാടത്തിന്റെ പ്രതാപം ഇതുവഴി വീണ്ടെടുക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.