 
ആലുവ: ആലുവ യു.സി കോളേജിന് സ്വയംഭരണാവകാശം നൽകാനുള്ള നീക്കത്തിനെതിരെ അദ്ധ്യാപകരും വിദ്യാർത്ഥികളും ശക്തമായ പ്രതിഷേധത്തിൽ. വാക്കുപാലിക്കാത്ത മാനേജ്മെന്റിന്റെ വിദ്യാഭ്യാസവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ കവാടത്തിൽ രാപ്പകൽ സമരം പ്രഖ്യാപിച്ചു.
സർവകലാശാലയിൽനിന്ന് ഇന്നലെ യു.ജി.സി സംഘം കോളേജ് സന്ദർശിക്കാനെത്തുമെന്ന വിവരത്തെത്തുടർന്ന് രാവിലെമുതൽ കോളേജ് കവാടത്തിൽ ശക്തമായ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധത്തെത്തുടർന്ന് യു.ജി.സി സംഘം കോളേജിലേക്ക് വരാതെ ആലുവ പാലസിൽ തങ്ങി. കോളേജ് മാനേജ്മെന്റ് രഹസ്യമായി പാലസിലെത്തി കൂടിക്കാഴ്ച്ച നടത്തുകയുംചെയ്തു. ഇതറിഞ്ഞതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി, അദ്ധ്യാപക സംഘടനയായ കെ.പി.സി.ടി.എ എന്നിവരാണ് പരസ്യമായി സമരരംഗത്തുണ്ടായിരുന്നത്. ഇടത് അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ പരസ്യമായി സമരത്തിനുണ്ടായില്ലെങ്കിലും പല അദ്ധ്യാപകരും രഹസ്യമായി പിന്തുണ നൽകി.
സ്വയംഭരണാവകാശം പ്രഖ്യാപിക്കില്ലെന്ന് വൈകിട്ട് ചേർന്ന വിദ്യാർത്ഥി - അദ്ധ്യാപക പ്രതിനിധി യോഗത്തിൽ മാനേജ്മെന്റ് അറിയിച്ചെങ്കിലും വിശ്വാസമില്ലെന്നാരോപിച്ചാണ് കോളേജ് യൂണിയൻ വൈകിട്ട് രാപ്പകൽസമരം ആരംഭിച്ചത്. ആലുവ യു.സി കോളേജ് യൂണിയൻ ഭാരവാഹിളായ ബിൻസി ബിജു (ചെയർപേഴ്സൺ), ഹനാൻ ഹുസൈൻ (വൈസ് ചെയർപേഴ്സൺ), ഉമറുൾ ഫറുഖ് നൗഫൽ (ജനറൽ സെക്രട്ടറി), എമിൽ എൽദോ (മാഗസിൻ എഡിറ്റർ), അതുൽ ഷാജി (ആർട്ട്സ് ക്ലബ് സെക്രട്ടറി), സൽമാൻ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.