തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ ഹൗസിംഗ് ബോർഡ് കോളനി വാർഡിലെ തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം മറ്റൊരു വാർഡിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കം പാളി. മുസ്ലിം ലീഗ് കൗൺസിലറായ സജീന അക്ബറുടെ വാർഡിലാണ് നിലവിൽ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ഈ കെട്ടിടം ശോചനീയാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വാർഡിലേക്ക് കൊടുപോകാനുള്ള ഭരണസമിതിയിലെ ഒരു വിഭാഗത്തിന്റെ നീക്കമാണ് കൗൺസിലറുടെ രാജിഭീഷണിക്ക് മുന്നിൽ പാളിയത്. ഇന്നലെ ചേർന്ന കൗൺസിൽയോഗത്തിലെ 15-ാം അജണ്ടയായിരുന്നു പ്രാഥമിക ആരോഗ്യ കേന്ദ്രം മാറ്റിസ്ഥാപിക്കൽ.
വിഷയം പാർലിമെന്ററി പാർട്ടി യോഗത്തിലും യു.ഡി.എഫ് നേതൃത്വത്തെയും അറിയിച്ചെങ്കിലും ഉചിതമായ തീരുമാനം എടുക്കാതായതോടെയാണ് താൻ രാജിവയ്ക്കുമെന്ന് സജീന അക്ബർ മുസ്ലിം ലീഗ് നേതൃത്വത്തെയും കോൺഗ്രസ് ജില്ലാ നേതൃത്വത്തെയും അറിയിച്ചത്. വിഷയത്തിൽ ഉന്നത യു.ഡി.എഫ് നേതാക്കൾ ഇടപെട്ട് ചെയർപേഴ്സനോട് അജണ്ട മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ ആരോഗ്യ കേന്ദ്രത്തിനായി കെട്ടിടം നിർമ്മാണത്തിനായി ഒരുകോടിരൂപ വകയിരുത്തിയിരുന്നു.