crime
ദുർഗ്ഗ

കാലടി: ബസിൽ യാത്രക്കാരിയുടെ മാലപൊട്ടിച്ച രണ്ട് തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ. പിള്ളയാർ തെരുവിൽ ദുർഗ (32), അനിത (26) എന്നിവരെ കാലടി പൊലീസാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് മലയാറ്റൂർ ബസിലാണ് സംഭവം. നാലര പവനോളം വരുന്നതാണ് മോഷ്ടിച്ച മാല. മലയാറ്റൂർ ഗോതമ്പ് റോഡ് സ്റ്റോപ്പിനുസമീപം ബസ് എത്തിയപ്പോഴാണ് യാത്രക്കാരിയുടെ മാല പൊട്ടിച്ചത്. തോട്ടുവ കവലയിൽ ബസ് ഇറങ്ങിയപ്പോഴാണ് മാല മോഷ്ടിക്കപ്പെട്ട വിവരം യാത്രക്കാരി അറിഞ്ഞത്. ഉടൻ നാട്ടുകാർ ചേർന്ന് തെരച്ചിൽ നടത്തി മോഷ്ടാക്കളെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.