കോലഞ്ചേരി: 'ഞങ്ങളിനി എന്തുചെയ്യണം? നിൽക്കണോ അതോ പോണോ?' ചോദ്യം മണ്ണൂരിലെ വ്യാപാരികളുടേതാണ്. പത്തുവർഷമായി തുടങ്ങിയ റോഡ് നിർമ്മാണദുരന്തം ഇന്നും ഇവരെ വേട്ടയാടുകയാണ്. ഇന്ന് ശരിയാകും നാളെ ശരിയാകുമെന്ന് കരുതി കാത്തിരുന്നതിനും അതിരില്ല. ഇനിയും ക്ഷമിക്കാൻ തയ്യാറാണ്, കഞ്ഞിയിൽ കല്ലു വാരിയിടില്ലെന്ന ഉറപ്പുണ്ടെങ്കിൽ മാത്രം.
മണ്ണൂർ - പോഞ്ഞാശേരി റോഡ് തകർന്നതോടെ ഇവരുടെ ജീവിതവും തകർന്നുവെന്നതാണ് യാഥാർത്ഥ്യം. റോഡിന്റെ മറ്റിടങ്ങളിലെലാം പണി പൂർത്തിയായി വരുമ്പോൾ മണ്ണൂരിൽ ഇപ്പോഴും സാങ്കേതികതടസങ്ങളിൽത്തട്ടി പണി ഇഴഞ്ഞുനീങ്ങുകയാണ്. പൊടിയടിച്ച് കടയും തകർന്നു, ഒപ്പം ജീവിതവും. പലരും ശ്വാസകോശ രോഗികളായും മാറി. റോഡിൽ നിന്നുയരുന്ന പൊടി കടയിലെ ഉത്പന്നങ്ങളെയാകെ നശിപ്പിക്കുകയാണ്. പൊടിശല്യത്താൽ ബേക്കറികളിലും ഹോട്ടലുകളിലും വന്നിരുന്ന് കഴിക്കാൻ പോലും ആരുമെത്തുന്നില്ല. വാടക കൊടുക്കാൻപോലും കഴിയാതെ കടകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഓട നിർമ്മാണം പൂർത്തിയാകാത്തതിനാൽ നാല് വശങ്ങളിൽ നിന്നും വന്നുവീഴുന്ന വെള്ളം ജംഗ്ഷനിൽ കെട്ടിക്കിടക്കുന്നതോടെ മഴപെയ്താൽ കടകളിലേക്ക് ചെളിയടിച്ച് കയറും. ഒരു ഭാഗത്ത് ഓട അശാസ്ത്രീയമായി നിർമ്മിച്ചതോടെ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ നശിപ്പിക്കുന്ന സ്ഥിതിയുമുണ്ടായി. ഇതോടെ മണ്ണൂർ കിഴക്കേകവലയിലേക്ക് വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കിട്ടാത്തസാഹചര്യവുമാണ്.
റോഡ് അലൈൻമെന്റ് മാറ്റിയത് വീണ്ടും പൊല്ലാപ്പായി
മുൻ നിശ്ചയിച്ച റോഡ് അലൈൻമെന്റ് അപ്രതീക്ഷിതമായി മാറ്റിയതോടെ റോഡ് ഒരുവശത്തേക്കായി മാറി. ഇതോടെ വാട്ടർ അതോറിറ്റി പൈപ്പുകളും ബി.എസ്.എൻ.എൽ കേബിളുകളും മാറ്റിയിടേണ്ട സ്ഥിതിയാണ്. റോഡിന് ഇരുവശവും ലഭിക്കുമായിരുന്ന പാർക്കിംഗ് സൗകര്യവും ഇല്ലാതായി. അലൈൻമെന്റ് പുനർനിർണയിച്ച് പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.ജംഗ്ഷനിലെ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം റോഡ് സൈഡുവഴി സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികളും സുരക്ഷിതരല്ല. നടപ്പാത ഇല്ലാത്തതിനാൽ അപകട സാദ്ധ്യത ഏറെയാണ്. രണ്ടുവശത്തും ഓട നിർമ്മിച്ച് നടപ്പുവഴി ഉണ്ടാക്കിയാലേ പ്രശ്നത്തിന് പരിഹാരമാകൂവെന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. ജംഗ്ഷനിൽ വീതികൂട്ടി ഓടവരെ ടാറിംഗ് പൂർത്തിയാക്കാമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നുവെങ്കിലും നിലവിൽ തീരുമാനമായില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഓഫീസ് ഉപരോധിക്കും
എത്രയും വേഗം പണി ആരംഭിച്ചില്ലെങ്കിൽ തൊടുപുഴയിലെ കെ.ആർ.എഫ്.ബി ഓഫീസ് ഉപരോധമടക്കുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണൂർ യൂണിറ്റ് പ്രസിഡന്റ് വിനോയ് സ്‌കറിയയും സെക്രട്ടറി ബേസിൽ കെ. ജേക്കബും പറഞ്ഞു.