 
കോലഞ്ചേരി: കൃഷി, തൊഴിൽ, ഭവനനിർമ്മാണ മേഖലകൾക്ക് പ്രാധാന്യം നൽകി പുത്തൻകുരിശ് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ അവതരിപ്പിച്ചു. തരിശുനിലങ്ങളിൽ കൃഷി വ്യാപിപ്പിക്കുക, തൊഴിലവസരം വർദ്ധിപ്പിക്കുന്നതിന് പരിശീലനവും ചെറുകിട സംരംഭങ്ങളും ആരംഭിക്കുക, അമൃതകുടീരം ഭവനപദ്ധതിയുടെ പൂർത്തീകരണം, ലൈഫ് മിഷൻ പദ്ധതിയിൽ കൂടുതൽ വീടുകളുടെ നിർമ്മാണം, പട്ടികവിഭാഗം കോളനികളുടെ സമഗ്രവികസനം, കലാസാംസ്‌കാരികരംഗത്തെ ഇടപെടൽ, സ്ത്രീശാക്തീകരണം തുടങ്ങിയവക്ക് തുക വകയിരുത്തി. 31,32,19037 രൂപ വരവും, 30,92,32200 രൂപ ചെലവും വരുന്നതാണ് ബഡ്ജറ്റ്.
ഉത്പാദന മേഖലയ്ക്ക് 15,27,0000 രൂപയും ഭവനനിർമ്മാണത്തിന് 6 കോടിയും സേവനമേഖലയ്ക്ക് 11,30,70000 രൂപ നീക്കിവച്ചിട്ടുണ്ട്. പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.