തൃക്കാക്കര : ജില്ലാ ആസ്ഥാനമായ തൃക്കാക്കരയുടെ അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകി നഗരസഭാ ബഡ്‌ജറ്റ്. സമഗ്ര വികസനത്തിലൂടെ നഗരത്തിന് പുതിയ മുഖച്ഛായ സമ്മാനിക്കുന്ന പദ്ധതികളാണ് ബഡ്ജറ്റിലുളളത്. 2022-2023 വർഷത്തെ ബഡ്ജറ്റ് വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി അവതരിപ്പിച്ചു.1,44,17,71,669 കോടി രൂപ വരവും 1,34,03,44,000 ചെലവും പ്രതീക്ഷിക്കുന്നത്. ബഡ്ജറ്റ് യോഗത്തിൽ നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.
അമൃത് പദ്ധതിയിൽപ്പെടുത്തി കുടിവെള്ള ടാങ്കർ വാങ്ങുന്നതിനും,കാക്കനാട് ഒലിമുകളിലും,തെങ്ങോട് വ്യവസായ കേന്ദ്രത്തിന് സമീപവും വാട്ടർ ടാങ്ക് നിമ്മിക്കുന്നതിന് ഇരുപത്ത് കോടി, ഗ്രീൻ പാർക്ക് പദ്ധതിക്ക് മൂന്ന് കോടി, ലൈഫ് പദ്ധതിയുടെ ഭാഗമായി ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിന് പത്തുകോടി. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നവീകരണം 10 കോടി, സ്പോർട്സ് അക്കാഡമി ആരംഭിക്കുന്നതിനു 86 ലക്ഷം, കാക്കനാട് സ്റ്റേഡിയം ടർഫ് നിർമ്മാണം 28 ലക്ഷം, സുരക്ഷിത നടപ്പാതകൾ 50 ലക്ഷം, സിവിൽ സർവീസ് അക്കാഡമി 10 ലക്ഷം, സ്ത്രീ സൗഹൃദ്ധ നഗരസഭ 65 ലക്ഷം, ഭിന്നശേഷിക്കാർക്കായി 50 ലക്ഷം, കാന നവീകരണം 6.5 കോടി, പട്ടികജാതി- വർഗ്ഗ ക്ഷേമം രണ്ടുകോടി, അന്തരിച്ച പി.ടി. തോമസ് എം.എൽ .എയുടെ പ്രതിമ നിർമ്മാണം അഞ്ചുലക്ഷം, ദുരന്ത നിർമ്മാണം ഒരുകോടി, നിലാവ് പദ്ധതിയുടെ ഭാഗമായി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിന് രണ്ടുകോടി, ടുറിസം പദ്ധതി ഒരുകോടി എന്നിങ്ങനെയാണ് ബഡ്ജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ. പുതിയ ബഡ്ജറ്റിൽ പറഞ്ഞിട്ടുള്ള പദ്ധതികൾ സമയ ബന്ധിതായി പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി പറഞ്ഞു. ബഡ്ജറ്റിനെക്കുറിച്ചുള്ള ചർച്ച നാളെ രാവിലെ 11 ന് നടക്കും.